congress-bjp



ഭോപ്പാല്‍: ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ എത്തിയ നേതാവിനെ മദ്ധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ച് വെട്ടിലായി കോണ്‍ഗ്രസ്. പുതിയ ജനറല്‍ സെക്രട്ടറിയെ അനുമോദിച്ച് സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയതോടെയാണ് നേതാക്കള്‍ക്ക് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് തിരഞ്ഞെടുപ്പും റദ്ദാക്കി.

ഈ വര്‍ഷമാദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരില്‍ പ്രമുഖനായ ഹര്‍ഷിത് സിംഘായിയാണ് ജബല്‍പുര്‍(നോര്‍ത്ത്) യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ചയാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള വെര്‍ച്വല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. ബിജെപിയിലേക്ക് കൂറുമാറുമ്പോള്‍ എന്‍എസ്‌ഐയുവിന്റെ ജബല്‍പുര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹര്‍ഷിത്.

പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ താന്‍ രാജിക്കത്ത് നല്‍കിയിരുന്നതായും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതായി സൂചിപ്പിച്ച് ഇ മെയില്‍ സന്ദേശമയച്ചിരുന്നതായും ഹര്‍ഷിത് പറഞ്ഞു. എന്നാല്‍ ഹര്‍ഷിതില്‍ നിന്ന് ഇത്തരത്തി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. 2018 ലാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്.

ഹര്‍ഷിതും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. അധികാരത്തിലെത്തിയ കോണ്‍ഗ്രസ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളായതോടെ വീണ്ടും ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നീണ്ടു. 2020 മാര്‍ച്ചില്‍ സിന്ധ്യയുടെ 22 വിശ്വസ്തരും ഹര്‍ഷിത് ഉള്‍പ്പെടെ മറ്റ് നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയിലേക്ക് കൂറുമാറിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരും വീണു.