vd-satheesan

തിരുവനന്തപുരം : ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി. സതീശന്‍. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരസിച്ചതിനെതിരെയാണ് ഗവർണർക്കെതിരെ സതീശൻ രംഗത്തെത്തിയിരിക്കുന്നത്. ഗവർണറുടെ നടപടി തെറ്റാണെന്ന് പറഞ്ഞ സതീശൻ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാർ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു.

' പ്രത്യേക സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ശുപാര്‍ശയിൽ ഭരണഘടനാ വിരുദ്ധമായ ഘടകങ്ങൾ ഉണ്ടെങ്കിലേ നിരസിക്കാനാകൂ. നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല. നിയമസഭകൾ സമ്മേളിക്കുന്നത് സംബന്ധിച്ച് ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശകൾ നിരസിക്കാൻ ഗവര്‍ണര്‍ക്ക് അധികാരമില്ല. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ പ്രതികരിക്കുന്നില്ല. മാത്രമല്ല, സന്ധിയിലേർപ്പെട്ടിരിക്കുകയുമാണ്. ' വി.ഡി. സതീശൻ പറഞ്ഞു.

അടിയന്തിര സ്വഭാവമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക നിയമസഭ സമ്മേളനത്തിനുള‌ള സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് ഗവർണർ അനുമതി നിഷേധിച്ചത്. നിയമസഭ ചേരേണ്ടതിന്റെ സാഹചര്യം വ്യക്തമാക്കി സർക്കാർ നൽകിയ വിശദീകരണം ഗവർ‌ണർ തള‌ളിയിരുന്നു. ഗവർണറുടെ നടപടി അസാധാരണമാണെന്നും ബി.ജെ.പിയ്‌ക്ക് വേണ്ടി ഗവർണർ രാഷ്‌ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക ബില്ലുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരുന്നത്. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനാണ് സമ്മേളനമെന്ന് സർ‌ക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. കേന്ദ്ര ബില്ലുകൾക്കെതിരെ പഞ്ചാബ് മുൻപ് നിയമസഭ ചേർന്ന് പ്രതികരിച്ചിരുന്നു.