sugathakumari

'ഒരു പാട്ടുപിന്നെയും പാടിനോക്കുന്നിതാ

ചിറകടിഞ്ഞുള്ളൊരീ കാട്ടുപക്ഷി

മഴുതിന്ന മാമരക്കൊമ്പിൽ

തനിച്ചിരുന്നൊടിയാചിറകു ചെറുതിളക്കി..' എന്നു പാടാൻ ഇനിയാരുമില്ല.

ചൊവ്വഴ്ച രാത്രി അവിചാരിതമായി മഴ പെയ്യുമ്പോൾ ഈ ലോകത്തോട് വിടപറയാൻ ഒരുങ്ങിയിരുന്നു സുഗതകുമാരി ടീച്ചർ.

'കാത്തുവയ്ക്കുവാനൊന്നുമില്ലാതെ

തീർത്തുചൊല്ലുവാനറിവുമില്ലാതെ

പൂക്കളില്ലാതെ പുലരിയില്ലാതെ

ആർദ്രമേതോ വിളിക്കുപിന്നിലായി

പാട്ടുമൂളി‌ഞാൻ പോകവേ നിങ്ങൾ

കേട്ടുനിന്നുവോ! തോഴരേ,​ നന്ദി,​ നന്ദി'.- എന്നു പാടി, മലയാളികളായ നമ്മുടെ വാനമ്പാടി പറന്നുപോയി. ദൂരെ, ദൂരെ, ദൂരെയെങ്ങോ....

പ്രകൃതിയുടെ കണ്ണീരും ജ്വാലയും അലിഞ്ഞുചേർന്ന ആ യുഗം അസ്തമിച്ചു. മഹാകവികൾ പലരുണ്ട് മലയാളത്തിൽ. മഹാകവയിത്രി ഒന്നേയുള്ളൂ. പ്രകൃതിയുടെ സ്വകാര്യതയിലൂടെ വാത്സല്യത്തോടെ നടന്നുകയറിയ സുഗതകുമാരി മനുഷ്യന്റെ സ്വാർത്ഥചെയ്തികൾക്കുമേൽ ഒരു ചൂണ്ടുപലക സ്ഥാപിച്ചു. തൊട്ടുകളിക്കരുത് പ്രകൃതിയെ എന്ന് നിരന്തരം താക്കീതുചെയ്യുന്ന ആ ചൂണ്ടുപലകയ്ക്ക് ജീവൻ പകർന്നത് കവിതയുടെ ശ്രുതിമങ്ങാത്ത ചാരുതയാണ്.

ഒരു വ്യക്തിക്ക് മരിക്കുക എളുപ്പമാണ്. ഒരു കൂട്ടം മനുഷ്യർ മരിക്കുക എന്നതും സാദ്ധ്യമാണ്. ഒരു തലമുറ മുഴുവൻ മരിച്ചു പോകാം എന്നും നമുക്ക് കരുതാനാകും. പക്ഷേ, ഒരു കവി അഥവാ കവയിത്രി മരിക്കുക എന്നാൽ തലമുറകളുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി എന്നാണ് അർത്ഥം. ഒരു യഥാർത്ഥ കവി ഉത്പാദിപ്പിക്കുന്ന സംഗീതം ആ കാലഘട്ടത്തിലെ മാത്രമല്ല, വരും തലമുറകളുടെകൂടി നിശ്വാസത്തിന്റെ സംഗീതമാണത്. 'കൃഷ്ണാ നീയെന്നെ അറിയില്ല' എന്ന് സുഗതകുമാരി പാടിയപ്പോൾ 'അറിയുന്നു നിന്നെ ഞാൻ കൃഷ്ണേ ' എന്ന് അയ്യപ്പപ്പണിക്കർക്ക് പാടാൻ കഴിഞ്ഞത് സുഗതകുമാരി എന്ന വ്യക്തിയോട് തോന്നിയ പ്രതികരണമായിരുന്നില്ല. കവിക്ക് സനാതനമായ ഒരു മുഖമുണ്ട്. യഥാർത്ഥ കവിത ജ്വലിക്കുന്നത് സത്യത്തിന്റെ സനാതനമായ ആ നറുവെണ്ണയിലാണ്.

കപടകവികൾ ജീവിച്ചിരിക്കുന്ന കാലത്ത് സുഗതകുമാരിയും ജീവിച്ചിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഒരു ദിവസം സുഗതകുമാരി ടീച്ചർ എന്നെ വിളിച്ചപ്പോൾ ഭാര്യ ആമിനയാണ് ഫോൺ എടുത്തത്. ഞാൻ ഇല്ല എന്നറിഞ്ഞപ്പോൾ വേഗത്തിൽ ഫോൺ വച്ചത് അവൾക്ക് തീരെ ഇഷ്ടമായില്ല. അതിന്റെ പരിഭവം മാറിയത് പിന്നീട് ഒരു മീറ്റിംഗിൽ വച്ച് കണ്ടപ്പോഴാണ്. ആശയപരമായി ഒരു കാര്യം ചോദിക്കാനാണ് ടീച്ചർ അന്നു വിളിച്ചത്.

മലയാളകവിതയിൽ ആധുനികതയും കാല്പനികതയും ഉത്തരാധുനികതയും നവ മാദ്ധ്യമ കവിതയും ഉറഞ്ഞുതുള്ളിയ ഒരു കാലഘട്ടത്തിലൂടെയാണ് സുഗതകുമാരി കടന്നുപോയത്. അത്യന്താധുനികനായ അയ്യപ്പപ്പണിക്കരുടെയും കാല്പനികതയുടെ നിലാമഴ ചൊരിഞ്ഞ ഒ.എൻ.വി യുടെയും നടുവിലൂടെ ഒരു കവയിത്രി നടന്നുവരുന്നു. അവിടെ മഴയും വെയിലും മാത്രമല്ല, കടലും മാമലയും മാത്രമല്ല, കാടിന്റെ നിഗൂഢതയും കാട്ടരുവിയുടെയും അതിനിടയിലെങ്ങോ ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുന്ന മനുഷ്യരുടെയും ജീവിതമുണ്ടെന്ന് സുഗതകുമാരി ഓരോ നിമിഷവും നമ്മെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. അതിനുള്ള മാദ്ധ്യമമായിരുന്നു സുഗതകുമാരിക്കു കവിത. അതിന്റെ അർത്ഥം ഇന്നത്തെ ഫെമിനിസ്റ്റുകൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പാരമ്പരാഗത വാദികൾക്കും അതുൾക്കൊള്ളാനായില്ല. ബാലാമണിയമ്മയിലും മാധവിക്കുട്ടിയിലും കാണാനാവാത്ത ഒരു യാത്രയായിരുന്നു അത്. സുഗതകുമാരി നടന്നു വന്ന വഴിയിലൂടെ ഇനിയാരും നടന്നു വരാനും സാദ്ധ്യതയില്ല. എല്ലാ അർത്ഥത്തിലും ഏകാകിയുടെ നടത്തമായിരുന്നു അത്.

'എന്റെ വഴിയിലെ വെയിലിനും നന്ദി

എന്റെ ചുമലിലെ ചുമടിനും നന്ദി

എന്റെ വഴിയിലെ തണലിനും,​ മര-

ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി

വഴിയിലെ കൂർത്ത നോവിനും നന്ദി

മിഴിചുവപ്പിച്ച സൂര്യനും നന്ദി'- എന്ന് തുടങ്ങുന്ന സുഗതകുമാരിയുടെ കവിത ഓർമ്മയിലേക്ക് വീണ്ടും എത്തുന്നു.