
ബാംബോലി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷയും നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ഈരണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആവേശം നിറഞ്ഞ മത്സരത്തിൽ ഡീഗോ മൗറീഷ്യസും കോൾ അലക്സാണ്ടറുമാണ് ഒഡിഷയ്‌ക്കായി ലക്ഷ്യം കണ്ടത്. ബെഞ്ചമിൻ ലാമ്പോട്ടും , ക്വെസി അപ്പിയയും (പെനാൽറ്റി) നോർത്ത് ഈസ്‌റ്റിനായി ലക്ഷ്യം കണ്ടു. സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കഴിഞ്ഞിട്ടും ജയമെന്ന മോഹം ഇനിയും പൂവണിയാത്ത ഒഡിഷ രണ്ട് പോയിന്റുമായി പത്താം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. ഇരുടീമും മികച്ച ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞ മത്‌സരത്തിൽ ഒഡിഷയുടെ കോൾ അലക്സാണ്ടറാണ് കളിയിലെ താരം.
നോർത്ത് ഈസ്‌റ്റിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. പത്താം മിനിട്ടിൽ മലയാളി താരം ബ്രിട്ടോയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്കു പോയി. തൊട്ടു പിന്നാലെ അപ്പിയയും അവസരം കളഞ്ഞു.
23-ാം മിനിട്ടിൽ ലോംഗ് ഗ്രൗണ്ടർ ഷോട്ടിലടെ ഡീഗോ മൗറീഷ്യോ ഒഡിഷയ്‌ക്കായി സ്കോർ ചെയ്തു. ഒന്നാം പകുതിയുടെ അധിക സമയത്ത് ലാംബോട്ട് നോർത്ത് ഈസ്റ്റിനായി ഗോൾ മടക്കി. 40-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ ഗാലെഗോ എടുത്ത ഫ്രീകിക്ക് ഒഡീഷയെ ഞെട്ടിച്ചെങ്കിലും ഗോൾ കീപ്പർ അർഷദീപ് മനോഹരമായി സേവ് ചെയ്തു.
ഒന്നാം പകുതിയുടെ അധിക സമയത്ത് ലമ്പോർട്ടയുടെ ഹെഡ്ഡറിലൂടെ നോർത്ത് ഈസ്‌റ്റ്ലീഡെടുത്തു.
64-ാം മിനിട്ടിൽ കെസ്സി അപ്പിയയെ ബോക്‌സിനുള്ളിൽ ഗോളി അർഷദീപ് വീഴ്ത്തിയതിന് നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അപ്പിയ പന്ത് അനായാസേന വലയിലെത്തിച്ച് ടീമിന് ലീഡ് നൽകി (2-1).എന്നാൽ രണ്ട് മിനിട്ടിനുള്ളി ൽ വിസ്മയ ഗോളിലൂടെ കോൾ അലക്സാണ്ടർ ഒഡിഷയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.