
കാഠ്മണ്ഡു : നേപ്പാൾ കമ്മ്യൂണ്സ്റ്റ് പാർട്ടിയ്ക്ക് മേൽ തനിക്കുള്ള നിയന്ത്രണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. പാർട്ടിയുടെ സുപ്രധാന പാനലുകളിലേക്ക് തന്റെ വിശ്വസ്തരെ ഉൾപ്പെടുത്തിയാണ് ഒലിയുടെ നീക്കം. ഒലിയുടെ പാർട്ടിയിൽ തന്നെയുള്ള എതിരാളികളായ പുഷ്പ കമൽ ദാഹൽ അഥവ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗം ഒലിയെ പാർട്ടിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാനും മുൻ പ്രധാനമന്ത്രിയായ മാധവ് കുമാർ നേപ്പാളിനെ ആ സ്ഥാനത്തേക്ക് നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയിൽ വേരുകൾ ശക്തിപ്പെടുത്താനുള്ള ഒലിയുടെ നീക്കം.
ഞായറാഴ്ച പാർലമെന്റ് പിരിച്ചുവിടാനും ഏപ്രിൽ 30, മേയ് 10 തീയതികളിൽ രണ്ടു ഘട്ടമായി പൊതുതിരഞ്ഞെടുപ്പ് നടത്താനും 68 കാരനായ ഒലി തീരുമാനമെടുത്തതിന് പിന്നാലെയാണ് നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തന്റെ സർക്കാർ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് തിരഞ്ഞെടുപ്പിലൂടെ പുതിയ അധികാരം തേടാൻ നിർബന്ധിതനായിരിക്കുന്നതെന്ന് ഒലി പറഞ്ഞിരുന്നു.
പാർലമെന്റ് പിരിച്ചു വിടുന്നതും പുതിയ തിരഞ്ഞെടുപ്പും തന്റെ മാത്രം തീരുമാനമല്ലെന്ന് ഒലി ചൂണ്ടിക്കാട്ടി. ഒലിയുടെ തീരുമാനത്തിന് പിന്നാലെ തന്നെ ഒലിയുടെ വിശ്വസ്തരെ സെൻട്രൽ കമ്മിറ്റി ഉൾപ്പെടെയുള്ള നിർണായക പാർട്ടി പാനലുകളിൽ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങിയിരുന്നു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തിലുള്ള വിഭാഗവും എതിരാളിയായ പ്രചണ്ഡയുടെയുടെ നേതൃത്വത്തിലുള്ള വിഭാഗവും വെവ്വേറെ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നുണ്ട്. 446 അംഗങ്ങളുള്ള പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലുൾപ്പെടെ പ്രചണ്ഡ വിഭാഗത്തിനാണ് മുൻതൂക്കം.
സെൻട്രൽ കമ്മിറ്റിയുടെ മീറ്റിംഗ് ഇന്ന് നടന്നിരുന്നു. കെ.പി ശർമ ഒലിയെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി മാധവ് കുമാർ നേപ്പാളിനെ ആ സ്ഥാനത്തേക്ക് അവരോധിക്കാൻ പ്രചണ്ഡ വിഭാഗം തീരുമാനിക്കുകയായിരുന്നു. കമ്മിറ്റിയിലെ 315 പേർ തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒലിയ്ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.
സെൻട്രൽ കമ്മിറ്റി മീറ്റിംഗിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, താൻ വിളിച്ചു ചേർത്ത പ്രത്യേക മീറ്റിംഗിൽ ഒലി പങ്കെടുത്തിരുന്നു. പാർട്ടിയുടെ പൊതുസമ്മേളനത്തിനായി 1199 അംഗ സമിതി ഈ മീറ്റിംഗിൽ ഒലി പ്രഖ്യാപിക്കുകയായിരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 446 അംഗ സെൻട്രൽ കമ്മിറ്റിയിൽ 556 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. എന്നാൽ ഒലിയുടെ ഈ നീക്കം വിജയിക്കാനിടെയില്ലെന്ന് നേപ്പാൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിലവിലുള്ള സെൻട്രൽ കമ്മിറ്റിയിലെ ഭൂരിപക്ഷ വോട്ടുകൾ വഴിയോ അല്ലെങ്കിൽ പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ പാർട്ടി ഒലിയ്ക്ക് നൽകിയിരിക്കുന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലോ മാത്രമേ സെൻട്രൽ കമ്മിറ്റിയുടെ വിപുലീകരണം ഇലക്ഷൻ കമ്മിഷന് അംഗീകരിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.