governor

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭാ പ്രമേയം പാസാക്കാനായി വിളിക്കാനിരുന്ന പ്രത്യേക സമ്മേളനത്തിനെതിരെ നിലപാടെടുത്ത കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയറിയിച്ച് ബിജെപി.

ഗവർണർ കൈക്കൊണ്ട തീരുമാനത്തെ പാർട്ടി സ്വീകരിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാർഷിക നിയമങ്ങൾ കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് എതിര്‍ക്കാനുള്ള നീക്കം ഗവർണർ തടയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണപ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്നാണ് ബിജെപി അദ്ധ്യക്ഷൻ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയുടെ ഫെഡറലിസ്റ്റ് സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ലെന്നും രാഷ്ട്രീയ അന്ധത ബാധിച്ച ഭരണപ്രതിപക്ഷ മുന്നണി സംസ്ഥാനത്തെ നാണംകെടുത്തുകയാണെന്നും അദ്ദേഹം പറയുന്നു. ഗവർണറുടെ തീരുമാനം 'സുധീര'മെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാലും അഭിപ്രായപ്പെട്ടു.