
കൊല്ലം: വെട്ടിക്കവലയിൽ പൊലീസും യു.ഡി.എഫ്. പ്രവർത്തകരുമായുള്ള സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിലും പരാതി നൽകാൻ കൊട്ടാരക്കര സ്റ്റേഷനിലെത്തിയ മാദ്ധ്യമ പ്രവർത്തകരെ പൊലീസ് ഉദ്യോഗസ്ഥർ അവഹേളിച്ച സംഭവത്തിലും കൊല്ലം റൂറൽ എസ്.പി ആർ.ഇളങ്കോയുടെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വെട്ടിക്കവല പഞ്ചായത്ത് ഓഫീസിനു മുന്നിലായിരുന്നു ആദ്യ സംഭവം. സത്യപ്രതിജ്ഞ ചിത്രീകരിക്കാനെത്തിയ പ്രാദേശിക പ്രവർത്തകൻ കുഞ്ഞുമോൻ കോട്ടവട്ടത്തിനാണ് മർദ്ദനമേറ്റത്.
റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസും യു.ഡി.എഫ് പ്രവർത്തകരുമായി വലിയ തർക്കമുണ്ടായി. തർക്കം ശ്രദ്ധയിൽ പെട്ട കുഞ്ഞുമോൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. ഇതു ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത സംഘം കുഞ്ഞുമോനെ മർദ്ദിക്കുകയായിരുന്നു. വീട്ടിൽ കയറി അക്രമിക്കുമെന്ന് പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ കുറിച്ചു പരാതി നൽകാൻ കൊട്ടാരക്കര സ്റ്റേഷനിലെത്തിയെങ്കിലും പരാതി വാങ്ങാൻ സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ. അരുൺ കുമാർ തയ്യാറായില്ല.
മാദ്ധ്യമ പ്രവർത്തകരോട് സ്റ്റേഷൻ വളപ്പിൽ നിന്നു പുറത്തു പോകാനും ആക്രോശമുണ്ടായി. മറ്റൊരു എസ്.ഐ പ്രശാന്തും ജി.ഡി ചാർജ്ജ് ഓമനക്കുട്ടൻ പിള്ളയും മോശം പെരുമാറ്റം നടത്തി. പിന്നീട് റൂറൽ എസ്.പിയുടെ നിർദ്ദേശമുണ്ടായതിനെ തുടർന്നാണ് കുഞ്ഞുമോനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനത്തിൽ നടപടി ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ റൂറൽ എസ്.പിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി കേസ് അന്വേഷിക്കാൻ നിർദ്ദേശം ഉണ്ടായത്.