virus

ന്യൂയോർക്ക്: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എൺപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 5,64,450 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 17,22,311 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽ പ്രതിദിന കേസുകൾ 173 ദിവസത്തിന് ശേഷം 20,000ത്തിൽ താഴെയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 163 ദിവസത്തിന് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നുലക്ഷത്തിലും താഴെയായി. ഒരു കോടിയിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവിൽ 2,92,518 പേരാണ് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.65 ശതമാനമായി. കേരളത്തിലാണ് പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ.


ലോകത്ത് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ ഒന്നര ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയാറ് ലക്ഷം കടന്നു. 3,30,317 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.


ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,88,285 പേർ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു. അതേസമയം ബ്രിട്ടനിൽ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായതോടെ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ.