
യേശു
ഒരിക്കൽ യേശുക്രിസ്തു ഗ്രാമവാസികളോട് സംസാരിച്ചുകൊണ്ടിരിക്കവേ ജനക്കൂട്ടത്തിന്റെ പിറകിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു: "അദ്ദേഹത്തിന്റെ അമ്മ എത്തിയിരിക്കുന്നു, അവർക്ക് വഴിയൊരുക്കുവിൻ ". യേശു അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ആരാണ് എന്റെ അമ്മ? ഞാനൊരിക്കലും ജനിച്ചിട്ടേയില്ല ". യേശുവിന്റെ ജനനത്തെക്കുറിച്ച് ചരിത്രപരമായ അവ്യക്തതകളുണ്ട്. ബൈബിളിൽ യേശുക്രിസ്തുവിന്റെ ജീവചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അത് സംബന്ധിച്ച കുറെ പരാമർശങ്ങളാണ് ബൈബിളിലുള്ളത്. എന്നാൽ, യേശു ജനിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ഡിസംബർ 25 ക്രിസ്മസായി കൊണ്ടാടുന്നത്. "അങ്ങയുടെ ദൈവ സാമ്രാജ്യത്തിൽ വിശേഷിച്ചുള്ള സംഗതി എന്തായിരിക്കും "എന്ന ഒരു വിശ്വാസിയുടെ ചോദ്യത്തിന്,"അവിടെ കാലം നിലവിലുണ്ടായിരിക്കുകയില്ല " എന്നായിരുന്നു യേശുവിന്റെ മറുപടി. യേശുവോ നബിയോ ബുദ്ധനോ ശ്രീകൃഷ്ണനോ ഒന്നും അവരുടെ ജീവിതത്തിന്റെ രേഖ സൂക്ഷിച്ചിട്ടില്ല. മറ്റുള്ളവർ രേഖപ്പെടുത്തിയതാണ് അതൊക്കെ.
ആപേക്ഷിക സിദ്ധാന്തം എന്താണെന്ന് വിശദീകരിക്കാൻ ആൽബർട്ട് ഐൻസ്റ്റീനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു "അത് വിശദീകരിക്കുക വളരെ ബുദ്ധിമുട്ടാണ്. ഈ സിദ്ധാന്തം എനിക്ക് വിശദീകരിച്ചു നല്കാനാകുന്ന കഷ്ടിച്ച് ഒരു ഡസൻ വ്യക്തികളാണ് ഈ ഭൂമിയിലുള്ളത്. എന്നാലും ഒരുദാഹരണത്തിലൂടെ ഞാനത് നിങ്ങൾക്ക് വിശദീകരിച്ചു നല്‌കാൻ ശ്രമിക്കാം." അതിപ്രകാരമായിരുന്നു, "കത്തിക്കൊണ്ടിരിക്കുന്ന ഒരു സ്റ്റൗവിനു സമീപം ഒരാളെ പിടിച്ചുനിറുത്തുകയാണെങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം തന്റെ പ്രിയതമയുടെ സമീപത്തിരിക്കുമ്പോൾ അനുഭവപ്പെടുന്നതിനേക്കാൾ വ്യത്യസ്തമായ വേഗതയിലായിരിക്കും സമയം കടന്നുപോവുക" ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഭഗവാൻ രജനീഷ് പറയുന്നത് നമ്മുടെ സുഖവും ദുഃഖവും സമയത്തിന്റെ അളവിനെ നിർണയിക്കുന്നു എന്നാണ്. നിങ്ങൾ ശത്രുവിന്റെ കൂടെയാവുമ്പോൾ നാഴികമണി ഒച്ചിഴയുന്നപോലെ നീങ്ങുന്നതായി തോന്നും. ഒരാൾ സുഖദുഃഖങ്ങൾക്ക് അപ്പുറം എത്തുക എന്നു പറഞ്ഞാൽ സമയത്തെ അതിജീവിക്കുക എന്നാണർത്ഥം. ആ അവസ്ഥയാണ് സമാധി. അതാണ് പരമാനന്ദം .വിശ്വാസികൾ അവതാര പുരുഷന്മാരായോ ദൈവദൂതന്മാരായോ കാണുന്നവരെല്ലാം ഈ സമയബോധത്തെ അതിജീവിച്ചവരാണ്. അവർക്ക് മരണമില്ല. ജനനവും പലപ്പോഴും അജ്ഞാതമായിരിക്കും. അവർ എല്ലാ കാലത്തും നമ്മോടൊപ്പമുണ്ട്."വിശ്വസിക്കുവിൻ,ഞാൻ നിങ്ങളോടൊപ്പമുണ്ട്."എന്ന വചനത്തിൽ നാം വായിച്ചെടുക്കുന്നതും അതാണ്.
ഖുർ -ആനിൽ മറിയം എന്ന അദ്ധ്യായത്തിൽ യേശുവിന്റെ ജനനത്തെപ്പറ്റി പറയുന്നുണ്ട്. ഈസാ നബി എന്നാണ് ഖുറാനിൽ യേശുവിനെ വിശേഷിപ്പിക്കുന്നത്. അതിങ്ങനെ - "ജനങ്ങളിൽ നിന്ന് മറഞ്ഞിരിക്കാൻ മറിയം ഒരു മറയുണ്ടാക്കി. അല്ലാഹു അവളുടെ അടുക്കലേക്ക് ഒരു മലക്കിനെ അയച്ചു. മറിയം പറഞ്ഞു- 'നിന്നിൽ നിന്ന് രക്ഷ പ്രാപിക്കാൻ കരുണാനിധിയായ അല്ലാഹുവിൽ ഞാൻ അഭയം പ്രാപിക്കുന്നു." മലക്ക് പറഞ്ഞു- "ഞാൻ നിന്റെ നാഥന്റെ ദൂതൻ തന്നെയാണ്. പരിശുദ്ധനായ ഒരു ആൺകുഞ്ഞിനെ പ്രദാനം ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്." എനിക്കെങ്ങനെ ഒരാൺകുഞ്ഞ് ജനിക്കും? എന്നെ ഒരു മനുഷ്യൻ സ്പർശിച്ചിട്ടില്ല. മലക്ക് പറഞ്ഞു- "അത് അങ്ങനെയാണുണ്ടാവുക. ആ സന്താനത്തെ മനുഷ്യവംശത്തിന് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹവും ആക്കേണ്ട ഒരു ഉദ്ദേശ്യവും കൂടി നമുക്കുണ്ട്." അങ്ങനെ മറിയം ആ കുട്ടിയെ ഗർഭം ധരിച്ചു. ദൂരെ ഒരു സ്ഥലത്തു പോയി ഒറ്റപ്പെട്ടു താമസിച്ചു. പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലേക്ക് പോവാൻ നിർബന്ധിച്ചു. അവൾ പറഞ്ഞു- "ഞാൻ ഇതിനുമുമ്പ് മരണമടയുകയും എന്റെ കഥ നിശ്ശേഷം വിസ്മരിക്കപ്പെടുകയും ചെയ്തെങ്കിൽ " എന്ന്. അപ്പോൾ അവൾ ഗർഭത്തിൽ നിന്ന് ഒരു വിളി കേട്ടു ,"നീ ദുഖിക്കേണ്ട. നിന്റെ നാഥൻ നിന്റെ കാൽപ്പാദത്തിൽ ഒരു അരുവി സ്ഥാപിച്ചിട്ടുണ്ട്. ഈന്തപ്പനയുടെ തടി പിടിച്ച് നിന്റെ മുന്നിലേക്ക് കുലുക്കുക''. പാകപ്പെട്ട മുന്തിയ പഴം അത് നിനക്ക് വീഴ്‌ത്തിത്തരും. അത് ഭക്ഷിക്കുക, അരുവിയിലെ വെള്ളം കുടിക്കുക. അരുമ സന്താനത്തിന്റെ മുഖം കണ്ട് കണ്ണ് കുളിർക്കുക. മനുഷ്യരിൽ ആരെയെങ്കിലും കണ്ടാൽ ഞാൻ കരുണാനിധിയായ അല്ലാഹുവിനു വ്രതം അനുഷ്ഠിക്കാൻ നേർച്ചയായിരിക്കുന്നു എന്ന് പറയുക." പിന്നീട് ആ കുട്ടിയെ എടുത്തുകൊണ്ട് മറിയം സ്വജനതയുടെ അടുക്കൽ ചെന്നു . അവർ പറഞ്ഞു- "നീ അദ്‌ഭുതകരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്." ഖുറാനിൽ പേരെടുത്ത് പറഞ്ഞിട്ടുള്ള ഒരേയൊരു വനിതയും ഈസ നബിയുടെ മാതാവായ മറിയം ആണ്. കന്യകയായ മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് യേശുവിന് ജന്മം നൽകിയെന്നും യൂദയായിലെ ബേത്‌ലഹേമിൽ ഒരു കാലിത്തൊഴുത്തിലാണ് ജനിച്ചെതന്നുമാണ് ക്രിസ്തീയ വിശ്വാസം. മതാതീതമായ വിശ്വാസം നേടിയെടുത്ത അയ്യപ്പൻ കൊടുങ്കാട്ടിൽ അനാഥ ശിശുവായാണ് കാണപ്പെട്ടത്. കേരളത്തിന്റെ ദേശീയോത്സവമായ തിരുവോണത്തിന്റെ ഐതിഹ്യത്തിനും പല മുഖങ്ങളുണ്ട്. എന്നാൽ, മതസംബന്ധിയായ എല്ലാ ആഘോഷങ്ങൾക്കും പിന്നിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനിവാര്യതയാണ് പ്രോജ്വലിക്കുന്നത് എന്ന് കാണാൻ കഴിയും.
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടും ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ സഹനത്തിന്റെയും അതിജീവനത്തിന്റെയും പുതിയൊരു പ്രതിസന്ധിയിലാണ് മനുഷ്യർ. കൊവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് കൂടുതൽ വിപൽക്കരമായ അവസ്ഥയിൽ സൂര്യനസ്തമിക്കാതിരുന്ന സാമ്രാജ്യത്തെ പിടികൂടിയിരിക്കുന്നു.
സൂര്യനുമായി ബന്ധപ്പെടുത്തിയും ക്രിസ്തുവിന്റെ ജനനത്തെ ദർശിച്ചിട്ടുണ്ട്. റോമിൽ സൂര്യന്റെ ഉത്സവദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബർ 25.
ഓരോ പ്രഭാതത്തിലും ക്രിസ്തുദേവൻ ഉദിച്ചുവരുന്നത് കാണുക എത്ര സുന്ദരമായ അനുഭവമാണ്'. ഒരിടത്ത് ഉദിക്കുമ്പോൾ മറ്റൊരിടത്ത് അസ്തമിക്കുന്നു. അവിടെ അസ്തമിക്കുമ്പോൾ ഇവിടെ ഉദിക്കുന്നു. സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സൂര്യനെപ്പോലെ സകല ചരാചരങ്ങൾക്കും ഊർജ്ജം പകരുന്ന സാന്നിദ്ധ്യമാണ് യേശു.. "മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്മേരമൂർത്തിയാം സൂര്യാ" എന്ന് സൂര്യനെ ഒ.എൻ.വി.വിളിച്ചതുപോലെ. ലോകത്തിന്റെ സകല പാപങ്ങളും ഏറ്റുവാങ്ങി ഓരോ നിശാന്തത്തിലും ഉയിർത്തെഴുനേൽക്കുകയാണ് യേശു. ഗാന്ധിജിയെയും കൃഷ്ണനെയും ശ്രീബുദ്ധനെയും മുഹമ്മദ്‌നബിയെയും ക്രിസ്തുവിൽ ദർശിക്കാം. ദൈവത്തിന്റെ വിവിധ ഭാവങ്ങളാണ് ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം. കൃഷ്ണൻ ചിരിയുടെയും പോരാട്ടത്തിന്റെയും വ്യാപ്തി കാട്ടിത്തരുമ്പോൾ ക്രിസ്തു കണ്ണീരിന്റെയും സഹനത്തിന്റെയും ആഴം കാണിച്ചുതരുന്നു. ഉയിർത്തെഴുന്നേൽക്കാനുള്ള ധ്യാനമാണ് സഹനം.