
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും. പ്രതികളെ കോടതിയിൽ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറാണ് വിധി പറയുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ഇന്നലെയാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇന്നലെ പ്രതികളെ ആശ്വസിപ്പിക്കാനും മറ്റും കന്യാസ്ത്രീകൾ എത്തിയിരുന്നു. എന്നാൽ ഇന്ന് കന്യാസ്ത്രീകൾ ആരും എത്തിയില്ല. അതേസമയം, ശിക്ഷാവിധി കേൾക്കാൻ നിരവധിപേർ എത്തിയിരുന്നു.
കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കുമെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാ.തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ അപ്പീൽ നൽകും.
ഇന്നലെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിധി കേട്ട് സെഫി പൊട്ടിക്കരഞ്ഞു. കോട്ടൂർ അക്ഷോഭ്യനായി നിന്നു. നേരിട്ടുള്ള തെളിവുകൾ കുറവായിരുന്ന കേസിൽ, രണ്ടു വൈദികരെയും കന്യാസ്ത്രീയെയും ഒരുമിച്ചു കണ്ടതായി സംഭവദിവസം പുലർച്ചെ മഠത്തിൽ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും സാഹചര്യ തെളിവുകളും കോടതി അംഗീകരിക്കുകയായിരുന്നു. 49 പ്രോസിക്യൂഷൻ സാക്ഷികളിൽ എട്ടു പേർ കൂറുമാറി. നിരവധി പേർ മൊഴി മാറ്റി.
കന്യാസ്ത്രീകൾക്കൊപ്പം കാറിൽ സഭാവസ്‌ത്രം ധരിച്ചാണ് ഇന്നലെ സെഫി കോടതിയിലെത്തിയത്. മൂന്നാമത്തേതായി പരിഗണിച്ച കേസിൽ സെഫിയും കോട്ടൂരും പ്രതിക്കൂട്ടിൽ നില്ക്കെ, പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയതായി ജഡ്ജി അഞ്ചു മിനിറ്റിൽ പ്രഖ്യാപിച്ചു. തുടർന്ന് വൈറസ് ബാധ പരിശോധനയ്ക്കു ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി. പബ്ലിക് പ്രോസിക്യൂട്ടർ എം.നവാസും പ്രതികളുടെ അഭിഭാഷകരും ഹാജരായിരുന്നു. മുംബയിലായതിനാൽ സി.ബി.ഐ എസ്.പി നന്ദകുമാർ നായർ എത്തിയില്ല.