
കൊച്ചി: ഇടുക്കിയിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ തൃപ്പൂണിത്തുറക്കാരിയായ മോഡലും. മോഡൽ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കൾ ബംഗളൂരുകാരാണെങ്കിലും, നടി ജനിച്ചതും വളർന്നതും കൊച്ചിയിലാണ്.
വാഗമണ്ണിൽ പാർട്ടി സംഘടിപ്പിച്ചത് മൂന്ന് പേരുടെ പിറന്നാൾ ആഘോഷിക്കാനാണ്. ഇതിന്റെ ചിലവ് ഇവർ തന്നെയാണ് വഹിച്ചത്. ഇതേസംഘം തന്നെ മുന്നാറിലും കൊച്ചിയിലും സമാനരീതിയിൽ ലഹരി പാർട്ടി നടത്തിയിട്ടുണ്ടെന്നാണ് സൂചന.
സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ വട്ടപ്പതലാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നടന്ന പാർട്ടിയിൽ സ്ത്രീകളടക്കം അറുപതോളം പേരാണ് പങ്കെടുത്തത്. പാട്ടിയിൽ പങ്കെടുത്ത 49 പേരെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടു. നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷണൽ എസ്.പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്.
പാർട്ടിയ്ക്ക് ആവശ്യമായ ലഹരിയിൽ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീറാണെന്ന് പൊലീസ് കണ്ടെത്തി. പിടിച്ചെടുത്തതിൽ 27 എൽ.എസ്.ഡി സ്റ്റാമ്പുകളുണ്ടായിരുന്നു. ഇത്ര വലിയൊരളവ് ലഹരിവസ്തുക്കൾ നൽകിയത് ആരാണെന്നാണ് അന്വേഷിക്കുന്നത്. റിമാൻഡിലുള്ള പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.