eee

ഇരുളുറങ്ങുന്ന കാട്ടുതേൻ ചോലയിലൊരു
കറുത്ത പൂവിന്റെ മരിച്ച കണ്ണുകൾ
നിങ്ങൾ കറുത്ത പൂക്കളെ കണ്ടിട്ടുണ്ടോ?
സൂര്യവെളിച്ചമില്ലാത്ത കാടിന്റെ നെഞ്ചിൽ
ആരെയോ പ്രതീക്ഷിച്ച് ആർക്കോ വേണ്ടി
ഉച്ചത്തിൽ കരഞ്ഞ്
തണ്ടു നിറയെ കനൽ നിറച്ച്
വേരുകൾ പോലും ഇരുണ്ടു പോയ
കാടിന്റെ കറുത്തപൂക്കൾ
നിഴൽവീണ നിശബ്‌ദതയിൽ വിഷം നിറച്ച അമ്പിനാൽ
മുറിവേൽപ്പിച്ച് രക്തമൂറ്റിയെടുക്കുന്ന
നിശാചരന്മാർ പതിയിരിക്കുന്ന കാട്ടിൽ
നിലാവുണങ്ങിയ കണങ്കാലിൽ
കരിനാഗ കൊത്തേറ്റ് കറുത്തു പോയ
കാടിൻറെ പൂക്കൾ
തീജ്വാലപോലൊരു സത്യമാണവർ
തിരി കെടാറായൊരു ചിരാതിനപ്പുറം
മറഞ്ഞും തെളിഞ്ഞും കനലായ് നീറുന്നവർ
കാടിന്റെ കറുത്ത സത്യം