
പോത്തൻകോട്: ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെയും വർക്കല പൊലീസിന്റെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ കള്ളനോട്ടടി സംഘം പിടിയിലായി.
പരിശോധന തുടരുകയാണെന്നും നിരീക്ഷണത്തിലുള്ള ചിലർ അറസ്റ്റിലാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്.
തുടർന്ന് പൊലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ (35) പിടിയിലായി. ഇയാൾ കാട്ടായിക്കോണം നെയ്യനമൂലയിൽ വീട് വാടകയ്ക്കെടുത്ത് ഒരു യുവതിക്കും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിക്കുകയായിരുന്നു. ഇന്നലെ ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടിൽ തെളിവെടുപ്പിനെത്തിയ വർക്കല പൊലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളർ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെയുണ്ട്. 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും അവർ വലയിലായതായും പൊലീസ് പറഞ്ഞു.