pk-kunjalikutti

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എം പി സ്ഥാനം ഒഴിയുന്നു. നേതൃയോഗം ഇക്കാര്യം സജീവമായി ചർച്ച ചെയ്യുകയാണ് . യോഗത്തിൽ ധാരണയായാൽ പ്രവർത്തക സമിതിയിൽ തീരുമാനം പ്രഖ്യാപിക്കും എന്നാണറിയുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം ഒഴിയുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള നീക്കത്തിന്റെ ഭാഗമായാണ് എം പി സ്ഥാനം രാജിവയ്പ്പിക്കുന്നത്.കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പാർട്ടിയിലെ പലകോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത് ആവശ്യമാണെന്നായിരുന്നു അവരുടെ നിലപാട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുപ്പിൽ യു ഡി എഫിൽ കോൺഗ്രസിന്റെ സീറ്റിൽ കാര്യമായ ഇടിവുണ്ടായെങ്കിലും ലീഗിന് പ്രശ്നമൊന്നുമുണ്ടായില്ല. ഇത് കുഞ്ഞാലിക്കുട്ടിയുടെ മിടുക്കുകൊണ്ടാണെന്നാണ് പ്രവർത്തകരിൽ ഭൂരിപക്ഷത്തിന്റെയും വിശ്വാസം.