
എല്ലാ വർഷത്തെയും പോലെ കടകളുടെ മുൻപിൽ വിവിധ വർണങ്ങളിലും ആകൃതികളിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങൾ നിറഞ്ഞു കഴിഞ്ഞു. വീടുകളുടെ മുഖപ്പിലും മുറ്റത്തെ മരങ്ങളിലും നക്ഷത്രവിളക്കുകൾ കൺചിമ്മാൻ തുടങ്ങി. കൊവിഡ്കാല നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ദേവാലയങ്ങളിൽ കുർബാനയും മറ്റാഘോഷങ്ങളും നടക്കും. എങ്കിലും നമുക്കറിയാം, ജീവിതം പഴയതുപോലെയല്ല. ആഘോഷങ്ങളിൽ ആനന്ദമില്ല. നഷ്ടങ്ങളുടെയും ഒറ്റപ്പെടലിന്റെയും വർഷമായിരുന്നു ഇത്. ഈ വർഷം നമ്മളിൽ നിന്ന് പലതും അപഹരിച്ചുകളഞ്ഞു. വരുമാനവും തൊഴിലും അവസരങ്ങളും സന്തോഷവുമെല്ലാം കവർന്നുകളഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ, കഷ്ടപ്പാടുകളുടെ, ഒറ്റപ്പെടലിന്റെ ആശങ്കകളുടെ, ആതുരതയുടെ വർഷമായിരുന്നു. പരിചിതജീവിത താളം ഭംഗപ്പെട്ട വർഷം. ഒരുപാട് പ്രതീക്ഷകൾ തകിടം മറിക്കപ്പെട്ട വർഷം. കൊറോണ വൈറസ് എന്ന സൂക്ഷ്മജീവി മനുഷ്യന്റെ അമിത ആത്മവിശ്വാസത്തെയും അഹങ്കാരത്തെയും അമിതമായ ആഗ്രഹങ്ങളെയും നോക്കി പരിഹസിച്ചു. 'നിന്നെ വിറപ്പിക്കാൻ ഞാൻ ധാരാളം" എന്ന് വൈറസ് പറയുന്നതുപോലെ തോന്നുന്നു. എങ്കിലും സമാശ്വാസത്തിന്റെ പുതിയ പ്രഭാതത്തെ നമ്മൾ കിനാവ് കാണുന്നു. അസ്തമയത്തിന്റെ മങ്ങൂഴത്തിലേക്കു ഈ വർഷം കടക്കുമ്പോൾ ആഘോഷിക്കപ്പെടുന്ന ക്രിസ്മസിന് അപൂർവമായ അർത്ഥമുണ്ട്. ആ അർത്ഥം വായിക്കാൻ കഴിയുന്നില്ലെങ്കിൽ അതൊരു കനപ്പെട്ട നഷ്ടം തന്നെയായിരിക്കും.
ആതുരമായ ഈ വർഷം അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾ നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ജീവിതം അത്ര സങ്കീർണമാക്കേണ്ടതില്ല; . ലളിതമായും ജീവിക്കാം എന്നതാണല്ലോ. പൊങ്ങച്ചമായാലും അഹന്തയായാലും സ്ഥാനവലിപ്പമായാലും പൊള്ളയായ ധന-സ്ഥാന മഹത്വത്തെപ്പറ്റിയുള്ള ഗർവായാലും എല്ലാം എത്ര അർത്ഥരഹിതവും ക്ഷണപ്രഭാചഞ്ചലവുമെന്ന് എത്രയെത്ര സംഭവങ്ങൾ കൊണ്ട് ബോദ്ധ്യപ്പെടേണ്ടതാണ്.!. ലോകമെങ്ങും വ്യാപിച്ച ഒരു രോഗത്തിന് കീഴടങ്ങി, കാലത്തിന്റെ അപാരതയിലേക്കു നിഷ്ക്രമിച്ച എത്രയോ പേർ! സാധാരണക്കാരും പ്രസിദ്ധരും പ്രതിഭാശാലികളുമുണ്ട് അക്കൂട്ടത്തിൽ. മരണം വർഗ-വർണ വിത്ത ഭേദമൊന്നും വകവച്ചിട്ടില്ലെന്നും നമുക്കു മനസിലായി. ‘The good is oft interred with their bones’ എന്ന് ഷേക്സ്പിയർ ജൂലിയസ് സീസറിൽ പറയുന്നുണ്ട്. ഒരു മനുഷ്യൻ ചെയ്ത നല്ല കാര്യമെല്ലാം അയാളുടെ ഭൗതിക ശരീരത്തോടൊപ്പം അടക്കപ്പെടും; എന്നാൽ അയാളുടെ ദുഷ്ചെയ്തികളാകട്ടെ മരണത്തെ അതിജീവിക്കും. (The evil that men do live after them). മരണം എങ്ങും പമ്മിപ്പതുങ്ങി നിന്ന ഈ വർഷം ഷേക്സ്പിയർ ചൂണ്ടിക്കാട്ടിയ ഈ ലോകതത്വം നാം പ്രത്യക്ഷത്തിൽ കണ്ടു. മരിച്ചവരുടെ നന്മയെക്കുറിച്ചു അധികമാരും പറയാറില്ലെങ്കിലും ' കൊള്ളരുതായ്മകൾ" നമ്മൾ അയവിറക്കും. എന്താണ് കൊള്ളരുതായ്മകൾ? ജീവിതത്തിന്റെ യഥാർത്ഥ അർത്ഥവും അവസരവും ലക്ഷ്യവും മറന്നു നിഴലുകളുടെ പിന്നാലെയുള്ള സഞ്ചാരത്തെയാണ് കൊള്ളരുതായ്മകൾ എന്ന് വിവക്ഷിക്കുക. പണത്തിന്റെയും സ്ഥാനത്തിന്റെയും അധികാരത്തിന്റെയും ഈ നിഴലുകൾക്കു പിന്നാലെ പോകാൻ ആളുകൾ പ്രേരിതരാകുന്നതെന്തുകൊണ്ടാണ്? അഥവാ അവ നിഴലുകളാണെന്നു തിരിച്ചറിയാൻ കഴിയാതെന്തുകൊണ്ടാണ്? തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്ന ചില നിശ്ചിത (മൂഢ) വിശ്വാസങ്ങളും ധാരണകളും ആശയങ്ങളും നമ്മളെല്ലാം വച്ച് പുലർത്തുന്നുണ്ട്. (മൂല്യബോധം എന്ന് പഴയ പദം) ചില ഉദാഹരണങ്ങൾ: ധാരാളം പണം സമ്പാദിച്ചില്ലെങ്കിൽ എന്തിനു കൊള്ളാം?;ജീവിച്ചാൽ അടിച്ചുപൊളിച്ചു ജീവിക്കണം;. ;പ്രയോജനമുണ്ടെങ്കിൽ. ഏതു ഹീനകൃത്യവും ചെയ്യാം, പിടിക്കപ്പെടരുതെന്നു മാത്രം. പണവും അധികാരവും സ്വാധീനവുമുണ്ടെങ്കിൽ തന്നിഷ്ടം പോലെ ജീവിക്കാം; സമ്പത്തുണ്ടെങ്കിൽ അത് എനിക്കും എന്റെ കുടുംബത്തിനും സുഖിക്കാനുള്ളത്. മറ്റുള്ളവരുടെ കാര്യം ആലോചിച്ചുകൊണ്ടിരിക്കാൻ ഞാൻ പൊട്ടനൊന്നുമല്ല.; പരിസ്ഥിതി; മണ്ണാങ്കട്ട! പത്തു കാശൊണ്ടാക്കാനുള്ള വഴി നോക്കുമ്പോൾ വരും, പരിസ്ഥിതിപ്പരിഷകൾ!; കളളം ചെയ്യാതെ ഇക്കാലത്തു ആർക്കു ജീവിക്കാൻ പറ്റും ?; ഇങ്ങനെ നീളുന്നു ജീവിതം വെട്ടിപ്പിടിക്കാൻ നടക്കുന്ന ആധുനിക മനുഷ്യന്റെ തലതിരിഞ്ഞ ആശയങ്ങൾ. അവർ ചുറ്റും കാണുന്നതോ, സമ്പത്തിന്റെ തേർവാഴ്ച മാത്രം! തിരുപ്പിറവിയുടെ ഓർമ്മ പുതുക്കുന്ന ക്രിസ്മസ് പ്രസരിപ്പിക്കുന്നതാകട്ടെ ഈ ആശയങ്ങളുടെ ധ്രുവവിരുദ്ധ വിശ്വാസങ്ങളും. ദൈവപുത്രന് പിറക്കാൻ കാലിത്തൊഴുത്ത് തെരഞ്ഞെടുത്ത ദൈവനീതിയുടെ സൗന്ദര്യം കണ്ടില്ലെങ്കിൽ അതെന്തൊരു നഷ്ടമാണ്! രാജകൊട്ടാരത്തിൽ പിറന്ന
സിദ്ധാർത്ഥരാജകുമാരന് എല്ലാ സുഖങ്ങളും ഉപേക്ഷിച്ചിറങ്ങാതെ ബോധോദയം അപ്രാപ്യമായിരുന്നല്ലോ. യേശുവിന്റെ പിറവി തന്നെ ആ നിസ്വതയിലായിരുന്നു. മുപ്പത്തിരണ്ട് വസന്തങ്ങൾ മാത്രം നീണ്ട മഹിതജീവിതത്തിൽ യേശു എന്നും ദരിദ്രർക്കൊപ്പവും ദുഃഖിതർക്കൊപ്പവുമായിരുന്നല്ലോ. തലചായ്ക്കാനിടമില്ലാത്ത മനുഷ്യപുത്രനായി അലയാനായിരുന്നല്ലോ കരുണാമയനായ യേശുവിനു മമത. വിതയ്ക്കാതെയും കൊയ്യാതെയും സന്തോഷത്തോടെ പുലരുന്ന ആകാശപ്പറവകളെയും പ്രശാന്ത സൗന്ദര്യം വഴിയുന്ന താഴ്വരയിലെ ലില്ലിപ്പൂക്കളെയും യേശു ഉപമാനങ്ങളാക്കി. ശിഷ്യത്വം തേടിവന്ന സമ്പന്ന യുവാവിനോട് എല്ലാം ദാനം ചെയ്ത ശേഷം വരാനായിരുന്നൂ യേശുവിന്റെ കല്പന. കാരണം ദൈവത്തെയും ധനദേവനെയും ഒരേ സമയം പൂജിക്കാനാവില്ല.
ക്രിസ്മസ് പ്രതിനിധീകരിക്കുന്ന ഈ സരളജീവിതം കാണാതെ പോവുകയും അത് നിരസിക്കുകയും ചെയ്തതിൽ നിന്ന് ആവിർഭവിച്ചതാണ് വർത്തമാന കാലത്തിന്റെ ആതുരതകൾ മുഴുവൻ. ലാളിത്യത്തെ ആഡംബരം കൊണ്ടും, സംതൃപ്തിയെ ദുര കൊണ്ടും, വിനയത്തെ അഹങ്കാരം കൊണ്ടും, സ്നേഹത്തെ വിദ്വേഷം കൊണ്ടും, സഹനത്തെ വെറുപ്പു കൊണ്ടും, വിശ്വാസത്തെ ഭയം കൊണ്ടും തമസ്കരിക്കുമ്പോൾ ജീവിതത്തിനു ഭാരമേറുന്നു. ആ തമസിനെ പ്രതിരോധിക്കാനുള്ള; വെളിച്ചത്തിന്റെ കവചമാണ് (കെ. പി. അപ്പനോട് കടപ്പാട്) ക്രിസ്മസ്. അതറിയാത്ത ആഘോഷം അർത്ഥമറിയാത്ത മായക്കാഴ്ച പോലെ മാത്രം.