eee

സ്ഥിരമായി സാരി ഉപയോഗിക്കുന്നവർ ഓഫീസിൽ ഉപയോഗിക്കാൻ പ്ലെയിൻ സാരികൾ അധികമായി കരുതി വയ്‌ക്കുന്നത് നല്ലതാണ്. വിവിധ നിറങ്ങളിലുള്ള പ്രിന്റഡ് ബ്ലൗസുകളും. മിക്‌സ് ആൻഡ് മാച്ച് ചെയ്യാൻ എളുപ്പമാകും. ഉപയോഗിച്ച് മടുക്കുമ്പോൾ പ്ലെയ്ൻ സാരികൾക്ക് ബോർഡർ നൽകിയും മറ്റും പുതുപുത്തൻ ലുക്ക് നൽകാനാകും. പ്ലെയ്ൻ കുർത്തകൾ പ്രിന്റഡ് സ്‌കാർഫിനൊപ്പവും പ്രിന്റഡ് കുർത്തകൾ പ്ലെയ്ൻ സ്‌കാർഫിനൊപ്പവും പെയർ ചെയ്യണം. ചെറിയ കോളറോടു കൂടിയ സൽവാർ കമ്മീസ് തയ്‌ക്കുന്നത് ഫോർമൽ ലുക്ക് നൽകും. പാർട്ടിവെയർ വാങ്ങുമ്പോൾ പെട്ടെന്ന് ഔട്ട്‌ഡേറ്റഡ് ആകാനിടയുള്ള ഡിസൈനുകൾ ഒഴിവാക്കുക.

* സിംപിൾ ആഭരണങ്ങൾ, ചെറിയ ഇയർ സ്റ്റഡുകൾ, വാച്ച്, ബ്രോൺസ് അല്ലെങ്കിൽ സിൽവർ നിറത്തിലുള്ള ബ്രൂച്ചുകൾ ഇവയൊക്കെ എക്കാലത്തെയും ക്ലാസിക് ആഭരണങ്ങളാണ്. ന്യൂട്രൽ നിറത്തിലുള്ള ലെതർ അല്ലെങ്കിൽ സിന്തറ്റിക് ലെതർ ബാഗ് എല്ലാ വസ്ത്രങ്ങൾക്കൊപ്പവും യോജിക്കും. പ്ലാറ്റ്‌ഫോം ഹീലുള്ള ന്യൂട്രൽ നിറത്തിലുള്ള ചെരുപ്പുകളും ക്ലാസിക് ആണ്. സിംപിൾ ചെയ്‌നിനൊപ്പം പല നിറങ്ങളിലുള്ള പെൻഡന്റുകൾ കരുതി വയ്‌ക്കാം.പ്ലാറ്റ്‌ഫോം ഹീലുള്ള ചെരുപ്പുകൾ എല്ലാ വേഷങ്ങൾക്കൊപ്പവും ഇണങ്ങും.

* ഒരേ വസ്ത്രം തന്നെ വ്യത്യസ്ത ആക്‌സസറികളും ഹെയർ സ്‌റ്റൈലും ഉപയോഗിച്ച് ഫ്രെഷ് ലുക്കോടെ അണിയണം. മിക്‌സ് ആൻഡ് മാച്ച് ചെയ്യാൻ പറ്റുന്ന തരം കുർത്തകളും ബോട്ടവും ദുപ്പട്ടകളും ശേഖരിക്കുക. രണ്ടോ മൂന്നോ എത്‌നിക് പ്രിന്റഡ് ഓവർ കോട്ട് ഉണ്ടെങ്കിൽ പ്ലെയിൻ കമ്മീസിന് വ്യത്യസ്ത ലുക്കുകൾ നൽകാൻ കഴിയും. ഓവർ കോട്ടിനൊപ്പം സ്‌ട്രെയ്റ്റ് കട്ട് കുർത്തയോ കമ്മീസോ കൂടുതൽ യോജിക്കും. ഇത് ഫോർമൽ ലുക്കിനൊപ്പം, ദുപ്പട്ടയേക്കാൾ കംഫർട്ടും നൽകും. നമ്മുടെ ശരീര പ്രകൃതിക്ക് ലെഗ്ഗിംഗ്‌സിനേക്കാൾ യോജിച്ചത് ചുരി ബോട്ടം ആണ്. പല നിറങ്ങളിൽ റെഡിമെയ്ഡ് ചുരി ബോട്ടം വാങ്ങാം. ഡ്യൂപിയോൺ സിൽക്ക് ചുരി ബോട്ടം കാഷ്വൽ വെയറായും പാർട്ടിവെയറായും ഉപയോഗിക്കാം.

* കാർഡിഗൻ, ഷ്രഗ് അല്ലെങ്കിൽ ജാക്കറ്റ് ഇവ ഏറ്റവും ഉപയോഗപ്രദമായ ഫാഷൻ ആണ്. ഇരുചക്ര വാഹനങ്ങളിലെ സ്ഥിര സഞ്ചാരത്തിന് മാത്രമല്ല മോ!ഡേൺ വസ്ത്രങ്ങൾക്ക് അല്പം കൂടി മാന്യതവേണമെന്ന് തോന്നുന്ന അവസരങ്ങളിലും ഇവയെ ആശ്രയിക്കാം. മാത്രമല്ല കാലാവസ്ഥയ്‌ക്ക് തണുപ്പേറിയാലും ചെറിയൊരു പനി വന്നാലും ആദ്യം ഉപയോഗം വരിക ഇവയ്‌ക്കാവും. ഏതു ജോലിക്കും ഇണങ്ങുന്ന ജീൻസും കുർത്തിയും എത്ര വേണമെങ്കിലും ആകാം. പട്യാലയ്‌ക്കൊപ്പവും ലെഗിൻ സിനൊപ്പവും ഇണങ്ങുമെന്നതിനാൽ കുർത്തികളെ മിക്‌സ് മാച്ച് ചെയ്യാൻ എളുപ്പമാണ്.

* അലമാരയിൽ ആദ്യം വേണ്ടത് യഥാർത്ഥ അളവിലുള്ള, നല്ല ഷേപ്പ് തരുന്ന അടിവസ്ത്രങ്ങളാണ്. ആരും കാണുന്നില്ലല്ലോ എന്നു കരുതി അടിവസ്ത്രങ്ങൾ അലംഭാവത്തോടെ തിരഞ്ഞെടുക്കരുത്. നല്ല അടിവസ്ത്രങ്ങൾ അഴകുള്ള ശരീരത്തിന് പ്രധാനമാണ്. കാഷ്വൽ വെയറായും, നല്ലൊരു ദുപ്പട്ടയ്‌ക്കൊപ്പം പാർട്ടി വെയറായും ഉപയോഗിക്കാൻ രണ്ടോ മൂന്നോ എങ്കിലും സൽവാർ കമ്മീസ് കരുതാം. പാർട്ടി വെയർ സാരികൾ ആവശ്യാനുസരണം വാങ്ങിയാൽ മതി. കാരണം ട്രെൻഡുകൾ അതിവേഗം മാറും. കുറച്ചു പ്ലെയിൻ സാരികൾ എപ്പോഴും കരുതി വയ്‌ക്കാം. സന്ദർഭത്തിനനുസരിച്ച് രൂപഭേദങ്ങൾ വരുത്താം.