
കൊച്ചി: സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയിൽ. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഷാനവാസ് ഇപ്പോൾ വെന്റിലേറ്ററിൽ തുടരുകയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ് 2015ൽ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്‌തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.
വൈറസ് വ്യാപനപശ്ചാത്തലത്തിൽ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിർമ്മിച്ചത്.