si-benny

ചാലക്കുടി: ചെങ്ങമനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും ചാലക്കുടി മാമ്പ്ര സ്വദേശിയുമായ പി.ഡി. ബെന്നിയാണ് പറമ്പുശേരി മുണ്ടംകുളം വീട്ടിൽ പരേതനായ പേങ്ങന്റെ ഭാര്യ കുറുമ്പയുടെ (85) ദുരിത ജീവിതം തിരിച്ചറിഞ്ഞ് തന്നാൽ കഴിയുംവിധം സഹായം നൽകിയത്.കുറമ്പയ്ക്കും പേങ്ങനും അഞ്ച് മക്കളാണുള്ളത്. ഇതിൽ മൂന്ന് പേർ പെൺമക്കളാണ്.

ഇളയമകന്റെ വീടിനോട് ചേർന്നുള്ള കൂരയിലായിരുന്നു ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. മാതാവിനെ ആൺമക്കൾ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് കുറുമ്പയുടെ മൂന്ന് പെൺമക്കളും ചേർന്ന് ചെങ്ങമനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് ഇടപെട്ട് നടത്തിയ ചർച്ച ഫലം കണ്ടില്ല. എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഒഴിവായി. എസ്.ഐ ബെന്നിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ചകൾ. ഒടുവിൽ ഇളയമകൻ രവി മാതാവിനെ സംരക്ഷിക്കാമെന്നും മറ്റ് മക്കളെല്ലാം പ്രതിമാസം 500 രൂപ വീതം ചെലവിനായി നൽകണമെന്നും ഉപാധിവച്ചു.

ഇതിനോട് മറ്റ് മക്കൾ യോജിക്കാതിരുന്നതിനെ തുടർന്ന് എസ്.ഐ ബെന്നി സ്വന്തം കൈയിൽ നിന്നും പ്രതിമാസം 2,000 രൂപ വീതം ആറ് മാസത്തേക്ക് കുറുമ്പയുടെ ചെലവിനായി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്നലെ വാഹനത്തിൽ സ്റ്റേഷനിലെത്തിയ കുറുമ്പക്ക് എസ്.ഐ ആറ് മാസത്തേക്കുള്ള ചെക്കും കൈമാറി. വൃദ്ധമാതാവിന്റെ ദുരവസ്ഥ മനസിലാക്കിയ സാഹചര്യത്തിലാണ് ശമ്പളത്തിൽ നിന്നും 2000 രൂപ നൽകാൻ തീരുമാനിച്ചതെന്ന് എസ്.ഐ പി.ഡി. ബെന്നി 'കേരളകൗമുദി'യോട് പറഞ്ഞു.