eee

നമുക്ക് പരിചിതരായ പ്രധാനപ്പെട്ട ആളുകളെ പറ്റി നമ്മുടെയെല്ലാം മനസ്സിൽ ഒരു രൂപമുണ്ട്. നമ്മുടെ മനസ്സിലുള്ള രാഷ്ട്രീയനേതാവിന്റെ രൂപത്തിനോട് ചേരുന്ന രീതിയിലുള്ള ചില സൂചനകൾ മാത്രമാണ് കാർട്ടൂണിസ്റ്റ് വരയ്ക്കുന്നത്. ഒരു രാഷ്ട്രീയനേതാവിന്റെ രൂപം ജനങ്ങളുടെ മനസിൽ എത്രത്തോളം ഉണ്ട് അല്ലെങ്കിൽ ജനങ്ങൾക്ക് അദ്ദേഹത്തെ എത്രമാത്രം നന്നായിട്ട് അറിയാം അത്രയും കുറച്ചു വരകളിലൂടെ കാർട്ടൂണിസ്റ്റിന് അദ്ദേഹത്തെ വരക്കാൻ സാധിക്കും.

ഹിംസ എന്നതിനു താഴെ അണുവായുധങ്ങളുടെ ചിത്രവും അഹിംസ എന്നതിനു താഴെ ഗാന്ധിജിയുടെ ചിത്രവും കോറിയിട്ടപ്പോൾ എത്ര പേജുകളിലും എഴുതിയാൽ തീരാത്ത വലിയ ആശയം ഭാഷയുടെ പരിമിതി ഇല്ലാതെ ആശയവിനിമയം ചെയ്യുന്ന ലളിതമായ വരകളിലൂടെ പ്രകടിപ്പിക്കാൻ സാധിച്ചു. കേരളകൗമുദിയിൽ ഗാന്ധിജയന്തിദിനത്തിൽ വരച്ച ഈ കാർട്ടൂണിന് ദേശീയ അവാർഡ് ലഭിച്ചു.

പ്രശസ്‌തനായ കാർട്ടൂണിസ്റ്റ് രംഗ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ വരച്ചത് വെറും രണ്ടു വരകളിലായിരുന്നു! ഗാന്ധിജി എന്ന നേതാവ് അത്രത്തോളം നമ്മുടെ മനസിൽ ഉണ്ട് എന്നതിനാലാണ് കാർട്ടൂണിസ്റ്റ് രംഗ വരച്ച രണ്ടുവരകൾ കൊണ്ട് പോലും അദ്ദേഹത്തെ തിരിച്ചറിയാൻ നമുക്ക് പറ്റിയത്. ഗാന്ധിജിയെ മാത്രമല്ല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനെയും രംഗ വളരെ ലളിതമായി വരച്ചു.

ഭാഷയുടെ സഹായമില്ലാതെ ചിത്രങ്ങളിലൂടെ ആശയവിനിമയം ചെയ്യുന്ന രീതി മനുഷ്യൻ ഗുഹാവാസിയായിരുന്ന കാലം മുതലേ ആരംഭിച്ചതാണ്. പിന്നീട് അനേകം ഭാഷകളും ലിപികളും രൂപപ്പെട്ടപ്പോഴും ചിത്രങ്ങൾ ആശയവിനിമയത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമായി തുടർന്നു.

എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതിനുമുൻപേ മനുഷ്യൻ വരയ്‌ക്കാൻ പഠിച്ചതിനാലാവാം, ചിത്രങ്ങളിലൂടെയുളള ആശയവിനിമയത്തിന് ഭാഷയുടെ അതിർവരമ്പുകളില്ലാതായത്. അക്ഷരം പഠിച്ചിട്ടില്ലാത്തവരും കുട്ടികളും ഉൾപ്പടെ ലോകത്ത് ആർക്കും ചിത്രങ്ങളിലെ കാര്യങ്ങൾ ഒരുപോലെ ഒറ്റനോട്ടത്തിൽ മനസിലാക്കാനാകും. തിരക്കുള്ള റോഡുകളിൽ സുരക്ഷാ മുന്നറിയിപ്പുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവയൊക്കെ ചിത്രങ്ങളിലൂടെ നൽകുന്നതിന്റെ കാരണമിതാണ്. ഒരു ചിത്രം ആയിരം വാക്കുകളെക്കാൾ ഫലപ്രദമാണെന്ന പറഞ്ഞുപഴകിയ പ്രയോഗത്തിന്റെ അടിസ്ഥാനവും ഇതുതന്നെ.

ആശയവിനിമയത്തിനായി ഭാഷ രൂപപ്പെട്ടതോടെ ഭാഷ അറിയുന്നവരും അല്ലാത്തവരും എന്ന രണ്ട് വിഭാഗങ്ങൾ സൃഷ്‌ടിക്കപ്പെട്ടു.കാലക്രമേണ അറിവും വിജ്ഞാനവുമെല്ലാം ഭാഷ അറിയുന്നവരുടെ മാത്രം കുത്തകയായി.

അറിവിന്റെ ഇത്തരം കുത്തകവൽക്കരണം ദേവഭാഷയായ ലാറ്റിൻ അറിയുന്നവരിലേക്ക് മാത്രമായി ചുരുക്കപ്പെട്ടപ്പോൾ,യൂറോപ്പിൽ നവോത്ഥാനമതനവീകരണകാലത്ത് ഭാഷയറിയാത്ത സാധാരണക്കാരായ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിപ്ലവകാരികൾ ചിത്രങ്ങളുടെ സഹായം തേടി. വലിയ പരന്ന മരപ്പലകകളിൽ കൊത്തിവച്ച രൂപത്തിലുളള ഇത്തരം ചിത്രങ്ങൾ സാധാരണക്കാരനുമായി നേരിട്ട് സംവദിക്കുന്നവയായിരുന്നു.

ഇന്ന് നാം കാണുന്ന കാർട്ടൂണുകളുടെയും ട്രോളുകൾ എന്ന് വിളിക്കപ്പെടുന്ന ഇന്റർനെറ്റ് മീമുകളുടേയും ആദിമരൂപങ്ങളായിരുന്നു അത്തരം ചിത്രങ്ങൾ. ഇങ്ങനെ, ഒരു പരന്ന പ്രതലത്തിൽ ചിത്രങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിനെ ഗ്രാഫിക് കമ്മ്യൂണിക്കേഷൻ എന്നുവിളിക്കുന്നു. ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ ഗ്രാഫിക് കമ്മ്യൂണിക്കേഷൻ ആണ് കാർട്ടൂൺ. കാർട്ടൂൺ എന്ന ഹാസ്യചിത്രീകരണരീതി ഇന്ന് നാം കാണുന്ന രീതിയിൽ വികസിക്കുന്നതിനും മുമ്പ് പ്രചാരത്തിലിരുന്ന ചിത്രരീതിയാണ് കാരിക്കേച്ചർ. ഒരു വ്യക്തിയുടെ യഥാർത്ഥരൂപത്തെ വക്രീകരിച്ചോ അവയവങ്ങളെ വിലക്ഷണമായ രീതിയിൽ മുഴുപ്പിച്ചോ ചെറുതാക്കിയോ ചിത്രീകരിക്കുന്ന രീതിയാണല്ലോ നമുക്ക് ഇന്ന് പരിചിതമായ കാരിക്കേച്ചറുകൾ. ഒരു പക്ഷേ പ്രകൃതിയായിരിക്കും ആദ്യത്തെ കാരിക്കേച്ചർ വരച്ചത്. നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാക്കന്മാരുടെ മുഖങ്ങളിൽ കാലപ്പഴക്കം കൊണ്ടു വരുന്ന തേയ്‌മാനങ്ങൾ വ്യക്തികളുടെ താടിയെല്ലും മൂക്കും മുഖവുമൊക്കെ വികൃതമാക്കിയുള്ള പുതിയ ചിത്രീകരണരീതിയിലേക്ക് ആദ്യകാല ചിത്രകാരന്മാരെ നയിച്ചിരിക്കാം.

കുടവയറന്മാരെയും മറ്റും പരിഹസിക്കുന്ന ചിത്രങ്ങൾ ജപ്പാനിലെയും ചൈനയിലേയും പുരാതനർ വരച്ചിരുന്നതിന് തെളിവുകൾ ഉണ്ട്.ഈജിപ്ഷ്യൻ പിരമിഡുകളിൽ മൃഗരൂപമുള്ള മനുഷ്യരെ ആലേഖനം ചെയ്തിരുന്നു.ആദിമമനുഷ്യർ ഉപയോഗിച്ചിരുന്ന മുഖം മൂടികളിലും നോക്കുകുത്തികളിലും വക്രീകരണം പ്രകടമാണ്. ലിയനാർദോ ഡാവിഞ്ചിയുടെ കാലം മുതൽക്കേ വക്രതയുടെ ലാവണ്യം( (Ideal type of deformity )എന്ന ചിന്താരീതി ചിത്രകലയിൽ നിലനിന്നിരുന്നു.കൃത്യമായ അഴകളവുകളുടെ നേർചിത്രീകരണത്തിനുപകരം അല്പം വക്രത കലർന്ന ചിത്രരീതിയാണ് യഥാർത്ഥ സൗന്ദര്യത്തെ (Ideal beatuy) പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു സങ്കല്പം

വിശുദ്ധരും രാജാക്കന്മാരും സൗന്ദര്യമുള്ളവരുമൊക്കെ കഥാപാത്രങ്ങളായ അക്കാലത്തെ യാഥാസ്ഥിതിക ചിത്രകലാരീതിയ്‌ക്ക് എതിരായ വിമതകല എന്ന നിലയിലാണ് പലപ്പോഴും ഇത്തരം വക്രീകരണസ്വഭാവമുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.നെതർലാൻഡ്‌സിൽ ജീവിച്ചിരുന്ന ബോഷ് എന്ന ചിത്രകാരന്റെ മതപരമായ ചിത്രങ്ങളിൽ പുണ്യാത്മാക്കൾക്കൊപ്പം സാധാരണക്കാർക്കും ഇടം നൽകിയിരുന്നു.ബാഹ്യസൗന്ദര്യത്തിനും രൂപഭംഗിയ്‌ക്കും പ്രാധാന്യം നൽകിയിരുന്ന ചിത്രീകരണരീതിയെ നിരസിച്ച് ചിത്രങ്ങൾ വരച്ചിരുന്ന ചിത്രകാരനായിരുന്നു നെതർലാൻഡ്‌സിൽ നിന്നു തന്നെയുള്ള പീറ്റർ ബ്രൂഗൽ). ബോഷ് രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന ബ്രൂഗലിന്റെ ചിത്രങ്ങൾ കാരിക്കേച്ചറിന്റെ ആദിമരൂപങ്ങളായി പരിഗണിക്കപ്പെടുന്നു.

സ്വഭാവത്തെ സൂചിപ്പിക്കുന്ന 'കരാറ്റെറെ (Caratte re)എന്ന ഇറ്റാലിയൻ പദത്തിൽ നിന്നും അതിശയോക്തി കലർന്ന വിശദാംശങ്ങൾ കൊണ്ട് നിറയ്‌ക്കുക എന്നർത്ഥം വരുന്ന കാരിക്കാറ്റൂറാ (Caricatu'ra) എന്ന പദത്തിൽ നിന്നുമാണ് കാരിക്കേച്ചർ (caricature) എന്ന വാക്കുണ്ടായത്. ഇറ്റാലിയൻ പെയിന്ററായ ആനിബേൽ കരാച്ചി)ആണ് ആദ്യത്തെ കാരിക്കേച്ചറിസ്റ്റായി അറിയപ്പെടുന്നത്.

ചിത്രകലയിലെ സകല സങ്കേതങ്ങളും പരീക്ഷിച്ച കരാച്ചി ചുറ്റും കാണുന്ന മുക്കുവർ, വഞ്ചിക്കാർ,വേട്ടക്കാർ,യാത്രക്കാർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ ഹാസ്യാത്മകമായ രേഖാചിത്രങ്ങൾ വരച്ചിരുന്നു. ആധുനിക ഹാസ്യചിത്രകലയുടെ പിതാവായി വിശേഷിപ്പിക്കാവുന്ന വില്യം ഹൊഗാർത്ത് എന്ന ഇംഗ്ലീഷ് ചിത്രകാരൻ കാരിക്കേച്ചർ ജനകീയമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുഖ്യപങ്കുവഹിച്ചു.യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്ന് കുതറിമാറിയ അദ്ദേഹം കലാപരമായ പല നാട്യങ്ങളേയും വെല്ലുവിളിച്ചു. ഇരട്ടപ്രയോഗങ്ങളും വാക്കുകളുടെ തിരിച്ചിടലുമൊക്കെ ഹാസ്യചിത്രങ്ങൾക്കൊപ്പം ഹാസ്യാത്മകമായി ഉപയോഗിക്കപ്പെട്ടു. വിവാഹത്തിലെ ആഡംബരം,ധനികരുടെ പൊങ്ങച്ചം, ജനങ്ങളുടെ അലസത തുടങ്ങി പല വിഷയങ്ങളേയും അദ്ദേഹം വരകളിലൂടെ പരിഹസിച്ചു. അങ്ങനെ സമൂഹത്തിലെ കാപട്യങ്ങളോടും അനീതികളോടും പ്രതികരിക്കാനുള്ള ശക്തമായ ആയുധമായി കാരിക്കേച്ചർ പതിയെ വളർന്നു.