
വിവാഹശേഷം 2005ൽ അടൂരിൽ പത്ത് സെന്റ് സ്ഥലം വാങ്ങി ഞങ്ങൾ അങ്ങോട്ടേക്ക് താമസം മാറി. അതിനകത്ത് രണ്ട് വീടുണ്ട്. കൃഷി ചെയ്യാൻ വേണ്ടിയുള്ള സ്ഥലം വളരെ കുറവ്. അപ്പോൾ കൃഷി ശരിക്കും ബുദ്ധിമുട്ടായി. ചാക്കിലായിരുന്നു ആദ്യം കൃഷി. വീട്ടിലേക്ക് വേണ്ടത് മാത്രമായിരുന്നു അന്നൊക്കെ കൃഷി ചെയ്തെടുത്തത്. 2010ലായിരുന്നു കൃഷി ഗൗരവത്തോടെ കണ്ടത്. ആ സമയത്താണ് അടൂർ കൃഷിഭവനിൽ 500 രൂപ കൊടുത്ത് കർഷക രജിസ്ട്രേഷൻ ചെയ്താൽ 25 ഗ്രോബാഗ് കിട്ടുമെന്ന് അറിയുന്നത്. മണ്ണും വളവും തൈയും ഒക്കെ ചേർത്താണ് അവർ തരുന്നത്. അതൊരു പരീക്ഷണാർത്ഥം കൊണ്ട് വച്ചതാണ്. എന്തായാലും വിജയം കണ്ടു. അങ്ങനെ ഇരുപത്തഞ്ചിൽ നിന്നും നൂറ് ഗ്രോബാഗിലേക്കെത്തി. അത് അഞ്ഞൂറായി, ആയിരമായി... അങ്ങനെ ഉയർന്നു. അപ്പോഴും സ്ഥലപരിമിതി സുമയ്ക്കും കുടുംബത്തിനും വലിയ വിഷമമായിരുന്നു. മഴമറയെ കുറിച്ച് അറിഞ്ഞതോടെ കൃഷി ഒന്നുകൂടി വ്യാപിപ്പിച്ചു. മഴമറ കൊണ്ട് ടെറസ് മുഴുവൻ മറച്ചായിരുന്നു പിന്നീടത്തെ കൃഷി. പൈപ്പും പ്ലാസിക്ക് കുപ്പിയുമെല്ലാം കൃഷിക്ക് വേണ്ടി ഉപയോഗിച്ചു. മഴമറ ചെയ്തപ്പോൾ ജി. ഐ പൈപ്പ് വച്ച് സ്റ്റാൻഡടിച്ച് അതിന് മുകളിലാണ് ഗ്രോബാഗുകളും ചട്ടികളുമൊക്കെ വച്ചത്. അതുകൊണ്ട് തന്നെ വീടിന്റെ ടെറസിന് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും സ്ഥലമില്ലാതെ കൃഷി ചെയ്യാൻ വിഷമിക്കുന്നവർക്കെല്ലാം ഈ മാതൃക ഉപയോഗപ്രദമാകും.
ഇപ്പോൾ പച്ചക്കറി വിളകളൊന്നും തന്നെ പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമില്ല. പയർ, പാവൽ, പടവലം, കാരറ്റ്, ബീൻസ്, കാബേജ്, കോളിഫ്ലവർ, മുളക്, വെണ്ട തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ തന്നെ വിളവെടുത്താണ് ഉപയോഗിക്കുന്നത്. സമീപത്തുള്ളവരൊക്കെ വിഷമില്ലാത്ത പച്ചക്കറിക്കായി സുമയെയാണ് ആശ്രയിക്കുന്നതും. ആവശ്യക്കാരുടെ എണ്ണം ഏറിയതോടെ രണ്ടാമതൊരു മഴമറ കൂടി ചെയ്തു. മനസും ഇഷ്ടവുമുണ്ടെങ്കിൽ ആർക്കും ഇതുപോലെ വീട്ടിൽ തന്നെ വിളവെടുക്കാം.