
ഭുവനേശ്വർ: ഒഡിഷയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ തലവനായ അരുൺ ബോത്ര വെളിപ്പെടുത്തി.
കേസിലെ പ്രതിയായ സരോജ് സേതിയെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പതിവായി സഹോദരിയുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണാറുണ്ടായിരുന്നുവെന്നും, സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മുഴുവൻ അശ്ലീല വീഡിയോ കണ്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
കഴിഞ്ഞ ജൂലായ് പതിനാലിനാണ് അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടി പ്രതിയുടെ ഇളയ സഹോദരിയുടെ സുഹൃത്തായിരുന്നു. ഇയാളുടെ വീടിനടുത്തുള്ള മരത്തിലെ പഴങ്ങൾ കഴിക്കാനായി കുട്ടി സ്ഥിരമായി ഈ വീട്ടിൽ വരാറുണ്ടായിരുന്നു.
സംഭവദിവസം പ്രതി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം പഴങ്ങൾ പെറുക്കാനായെത്തിയ കുട്ടിയെ ഇയാൾ തന്ത്രപൂർവം മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തന്റെ ലെഗ്ഗിൻസ് അഴിക്കാൻ യുവാവ് ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുകയായിരുന്നു. പ്രകോപിതനായ ഇയാൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനും ശ്രമിച്ചു.
ശേഷം മൃതദേഹം ഒരു ചാക്കിലാക്കി പെണ്‍കുട്ടിയുടെ വീടിന് പിന്നിലെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ജൂലായ് പതിനാലിനാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ വസ്ത്രത്തിൽ നിന്നും യുവാവിന്‍റെ ബീജത്തിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
അഞ്ച് വയസുകാരിയുടെ മാതാപിതാക്കൾ ഒഡീഷ നിയമസഭയ്ക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ തന്റെ മകൻ നിരപരാധിയാണെന്നും മനപൂർവം കേസിൽ കുടുക്കിയതുമാണെന്നാണ് ഇയാളുടെ മാതാപിതാക്കളുടെ ആരോപണം.