virus

ന്യൂഡൽഹി:വൈറസിന്റെ പുതിയ വകഭേദം യു.കെയിൽ ആശങ്കകൾക്ക് കാരണമായിരിക്കുകയാണല്ലോ. വൈറസ് മഹാമാരിയ്‌ക്ക് പ്രതിരോധമായി വാക്‌സിൻ കണ്ടെത്തിയെന്ന് ആശ്വസിച്ചിരുന്ന ലോകമാകെ ഈ വാർത്ത വലിയ അങ്കലാപ്പാണ് സൃഷ്‌ടിച്ചത്. ഏതാണ്ട് നാൽപതോളം രാജ്യങ്ങൾ യു.കെയിലേക്കുള‌ള വിമാനഗതാഗതം നിർത്തിവച്ചും അതിർത്തികൾ അടച്ചും പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തി. രോഗം ആദ്യത്തെതുപോലെ ശക്തമല്ലെങ്കിലും അതിവേഗം പടരാനുള‌ള രോഗാണുവിന്റെ ശേഷിയാണ് ആശങ്കകൾക്ക് കാരണമാകുന്നത്. ആദ്യ പതിപ്പിനെക്കാൾ 50 മുതൽ 70 ശതമാനം വരെ വേഗത്തിൽ പടരാനിടയുള‌ളതാണ് പുതിയ വകഭേദം.പരിവർത്തനം വന്ന വൈറസിനെ കുറിച്ച് നടത്തിയ പഠനത്തിൽ ഇത് കുട്ടികളിൽ എളുപ്പത്തിൽ പടരാനുള‌ള ശേഷിയുള‌ളതാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുണ്ട്.

വൈറസിന്റെ ആദ്യ പതിപ്പിൽ കുട്ടികളെ വളരെ കുറച്ച് മാത്രമേ ബാധിച്ചിരുന്നുള‌ളു.എന്നാൽ പുതിയ വകഭേദം കാര്യമായി ബാധിച്ചത് കുട്ടികളെയാണ്. ബ്രിട്ടനിൽ നവംബറിൽ സ്‌കൂൾ തുറന്നതോടെയാണ് ഇതിനിടയായത്. 15 വയസിൽ താഴെയുള‌‌ള കുട്ടികളെയാണ് ഇത്തരത്തിൽ പഠനവിധേയമാക്കിയത്. രോഗം കുട്ടികളിൽ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇതുവരെ ആർക്കും ഗുരുതരമായി രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ലണ്ടൻ ഇംപീരിയൽ കോളേജിലെ പകർച്ചാവ്യാധി പഠനവിഭാഗം പ്രൊഫസർ നെയ്‌ൽ ഫെർഗൂസൺ അഭിപ്രായപ്പെട്ടു. മുതിർന്നവരിൽ വൈറസ് രോഗത്തെ പ്രതിരോധിക്കുന്ന എസിഇ2 പ്രോട്ടീനുകൾ കുട്ടികളിൽ ഇല്ലാത്തതാണ് കുട്ടികൾക്ക് രോഗബാധയേൽക്കാൻ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമെന്നും ഫെർഗൂസൺ പറഞ്ഞു. കുട്ടികളെ പുതിയ വൈറസ് വകഭേദം ലക്ഷ്യം വയ്‌ക്കുകയല്ല അവരിൽ വൈറസിന് തടസമുണ്ടാകാനുള‌ള ഘടകങ്ങൾ ഇല്ലാത്തതാണ് ഇത്തരത്തിൽ രോഗം പടരാൻ കാരണമെന്നും അദ്ദേഹം അറിയിച്ചു.