sugathakumari

മനുഷ്യദുഖങ്ങളെ കുറിച്ചും മനുഷ്യസ്‌നേഹത്തെ കുറിച്ചും പാടിയപ്പോൾ തന്നെ പ്രകൃതിയെ സംരക്ഷിക്കാൻ തന്റെ ജീവിതകാലം മുഴുവൻ പാടുകയും പറയുകയും പ്രവർ‌ത്തിക്കുകയും ചെയ്‌ത കവയിത്രിയായിരുന്നു സുഗതകുമാരി. എഴുപതുകളിൽ കേരളത്തിൽ ഏ‌റ്റവുമധികം ശ്രദ്ധയാകർഷിച്ച സൈലന്റ്‌വാലി പ്രക്ഷോഭത്തിൽ സുഗതകുമാരിയിലെ സജീവസാന്നിദ്ധ്യമുണ്ടായി. പാലക്കാട് സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിക്കെതിരായ ശക്തമായ സമരം അധികാരികളുടെ കണ്ണ് തുറപ്പിച്ചു. ആധുനിക കാലത്തെ കേരള ജനമനസുകളിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച സമരമായിരുന്നു അത്. സമരം ഫലം കാണുകയും 1983ൽ സൈലന്റ് വാലി ദേശീയോദ്യാനമായി അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുകയും ചെയ്‌തു.

പിന്നീട് തലസ്ഥാന നഗരത്തിലെ റോഡ് വികസന ഭാഗമായി വഴിയരികിലെ തണൽമരങ്ങൾക്ക് നേരെ മഴു ഉയരുമ്പോഴെല്ലാം അതിനെതിരെ രോഷത്തോടെയും ദുഖത്തോടെയും സുഗതകുമാരി പ്രതികരിച്ചു. മരങ്ങളെ വാരിപ്പുണർന്ന് അവ എത്രത്തോളം നമുക്ക് പ്രധാനമാണെന്ന് പൊതുസമൂഹത്തെ ടീച്ചർ ഓ‌ർമ്മിപ്പിച്ചു. കേരളത്തിന് തണുപ്പും അഭയവുമേകുന്ന സഹ്യപർവതത്തിന് വികസനത്തിന്റെ പേരിലുണ്ടാകുന്ന ഓരോ നാശവും ആ കവയിത്രിയുടെ കണ്ണുകളെ നനയിച്ചു. 2014ൽ രചിച്ച പശ്‌ചിമഘട്ടം എന്ന കവിതയിൽ

'ശൈലേന്ദ്രപാദത്തിൽ തീ പിടിക്കുന്നു!

ദിവ്യവക്ഷത്തിൽ കറുത്തപുക പടരുന്നു!

കരിമരുന്നിട്ടു പൊട്ടിത്തകർക്കും നൂറു

മലകളലറിക്കേണുടഞ്ഞു വീണടിയുന്നു.' എന്ന് കവയിത്രി കുറിച്ചു.

തന്റെ ജന്മനാടായ ആറന്മുളയിൽ കൃഷിസ്ഥലങ്ങളെയും തോടുകളെയും നികത്തി ഉയരാനൊരുങ്ങിയ വിമാനത്താവളത്തിനെതിരെയും സുഗതകുമാരി പൊരുതി. കേരളം ദുരന്തങ്ങളെ വരുത്തിവയ്‌ക്കുകയാണെന്നും പശ്ചിമഘട്ടത്തെയും പ്രകൃതിയെയും തകർത്ത് നിർമ്മിക്കുന്നത് വികസനത്തിന്റെ ചീട്ട്കൊട്ടാരങ്ങളാണെന്നും അവ തകരുമെന്നും സുഗതകുമാരി നിരന്തരം കേരളജനതയെ ഓർമ്മിപ്പിച്ചു. നമ്മുടെ പ്രകൃതി ശ്രമങ്ങളൊക്കെ വൈകിപ്പോയി. ഐഹിക സുഖങ്ങൾക്ക് പിന്നാലെ പോകുമ്പോൾ വലിയ രോഗങ്ങളും പ്രകൃതി നാശവും അന്തരീക്ഷ മലിനീകരണങ്ങളും കേരള ജനതയുടെ മേൽ പിടിമുറുക്കി. എന്നിട്ടും അതിലൊന്നും കൂസാതെ മുന്നോട്ട് പോകുന്ന ഇന്നത്തെ മനുഷ്യനെ ഓർത്ത് ഭയമാണെന്ന് സുഗതകുമാരി പറഞ്ഞിരുന്നു.ഭാവിയിൽ ജനിക്കാൻ പോകുന്ന കുട്ടികളെ പറ്റി അതുകൊണ്ട് തന്നെ ആശങ്കയും സുഗതകുമാരി ടീച്ചർ പ്രകടിപ്പിച്ചിരുന്നു.

ബുദ്ധിയും വകതിരിവുമുണ്ടെങ്കിലും മലയാളിക്ക് ഒന്നിനോടും ബഹുമാനമില്ലെന്നും അഹങ്കാരമുണ്ടെന്നും പലപ്പോഴും തുറന്നടിച്ചു ടീച്ചർ. താൻ പറയാനുള‌ളതെല്ലാം പറഞ്ഞെങ്കിലും അത് ഭൂരിഭാഗം പേർ കേട്ടില്ലെന്നും അവസാനകാലത്ത് കവയിത്രിക്ക് ദുഖമുണ്ടായിരുന്നു. എങ്കിലും കേരളസമൂഹം നൽകിയ സ്നേഹത്തിനും ആദരത്തിനും സുഗതകുമാരി ടീച്ചർക്ക് സന്തോഷവുമുണ്ടായിരുന്നു. ഈ നാട്ടിൽ തന്നെ ഇനിയുള‌ള ജന്മത്തിലും ജനിക്കാനും ഇവിടെത്തന്നെ ജീവിക്കാനുമാണ് ടീച്ചർ‌ ഇഷ്‌ടപ്പെട്ടത്. മരിച്ച ശേഷമുള‌ള ആദരത്തിൽ തനിക്ക് താൽപര്യമില്ലെന്നും അതിന് ശേഷമുള‌ള അനുശോചന യോഗങ്ങളോ ഒന്നും വേണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ സ്നേഹമാണ് തനിക്ക് വേണ്ടതെന്നും തുറന്ന് പറഞ്ഞ സുഗതകുമാരി ടീച്ചർ വിടവാങ്ങുമ്പോൾ മനുഷ്യനും പരിസ്ഥിതിയും ഒന്നാണെന്ന് നമ്മെ ഓർമ്മിപ്പിച്ച ഒരു സ്‌നേഹനിധിയുടെ നഷ്‌ടമാണ് മലയാള നാടിനുണ്ടാകുന്നത്.