
തിരുവനന്തപുരം: ശ്രീകൃഷ്ണൻ സുഗതകുമാരിക്ക് പ്രണയമായിരുന്നു. വിരഹമായിരുന്നു. കവിതയെ നയിക്കുന്ന ആത്മാവുമായിരുന്നു. പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും സുഗതകുമാരി എഴുതിയത് കൃഷ്ണനെ മുൻനിറുത്തിയായിരുന്നു. ചെറുപ്പക്കാലത്ത് എഴുതിയ കവിതകളിൽ നിന്നും വ്യത്യസ്തമാണ് പിന്നീട് എഴുതിയവ. ഒരോ കവിതയിലും പ്രണയത്തിന്റെ ഭാവങ്ങൾ മാറുന്നത് കാണാം.
സുഗതകുമാരിയുടെ ആദ്യകാല കവിതകളിലൊന്നായ 'കാളിയമർദ്ദന'ത്തിൽ 'കുനിഞ്ഞതില്ല പത്തികൾ കണ്ണാ കുലുങ്ങിയില്ലീ കരളിന്നും 'എന്ന് ആവർത്തിക്കുന്നുണ്ട്. അടിച്ചമർത്തുമ്പോഴും തുടിക്കുന്ന പെൺമനസിനെയാണ് ആ കവിത അടയാളപ്പെടുത്തുന്നത്. തന്റെ 27-ാം വയസിലാണ് സുഗതകുമാരി 'കാളിയ മർദ്ദനം' എഴുതിയത്.
നഷ്ടബോധം, ആത്മാനുരാഗം, വിരഹാതുരത, വേദനപ്പിക്കുന്ന ഏകാന്തത ഇവയെല്ലാം കവിതകളിൽ കടന്നു വരുന്നു. എല്ലാം കൃഷ്ണനോടുള്ള പറച്ചിലുകളായിട്ടാണ് എഴുതിയിരിക്കുന്നതെന്ന് മാത്രം. 35-ാം വയസിൽ എഴുതിയ 'ഗജേന്ദ്രമോക്ഷ'ത്തിലെ കൃഷ്ണന് രക്ഷകന്റെ ഭാവമാണ്. പക്ഷെ, അവിടേയും കവയിത്രയുടെ മനം തേങ്ങുന്നത് വായിച്ചെടുക്കാം '' നീയെവിടെ? വിളിച്ചു വിളിച്ചു തളർന്നേ
നെവിടെപ്പോയ് നീയെന്നുടയോനേ....
'ഒരു ദർശനം,' 'മറ്റൊരു രാധിക,' 'ഒരു വൃന്ദാവന രംഗം,' 'മഴത്തുള്ളി,' 'എവിടെ നീ,' 'എന്റെ മനസ്സിന്റെ പോന്നമ്പലത്തിലും ശ്യാമരാധ,' 'കൃഷ്ണാ നീയെന്നെയറിയില്ല,' പ്രണയഭാവത്തിന്റെ നിറഭേദവും ഭാവഭേദവും കാണാൻ കഴിയും ഇക്കൂട്ടത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട 'കൃഷ്ണാ, നീയെന്നെയറിയില്ല' എന്ന കവിതയിൽ കവയിത്രിയുടെ ആത്മാവ് കൂടി ചേർന്നിരിക്കുന്നു. ഒരു പൂവ് എന്ന പോലെ സ്വയം അർപ്പിച്ച് പരമാത്മാവിൽ ലയിക്കാൻ വെമ്പുന്ന മനസിനെ അതിൽ കാണാം. ഒപ്പം നഷ്ടബോധം കൂടി ആ വരികളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഈ കവിതയെഴുതുമ്പോൾ സുഗതകുമാരിക്ക് പ്രായം 45
പോരു വസന്തമായ് പോരു വസന്തമായ്
നിന്റെ കുഴൽ പോരു വസന്തമായ് എന്നെന്റെയന്തരംഗത്തിലല ചേർക്കേ
ഞാനെന്റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്റെയുള്ളിൽവച്ചാത്മാവ് കൂടിയർചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിൻ രഥമെന്റെ കുടിലിനു മുന്നിൽ
ഒരു മാത്ര നിൽക്കുന്നു
കണ്ണീർ നിറഞ്ഞൊരാ മിഴികളെൻ നേർക്കു ചായുന്നു
കരുണയാലാകെ ത്തളർന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നൽകുന്നു.
അവിടെ നിന്നും 'അഭിസാരിക' എഴുതുമ്പോൾ കവയത്രിയിലെ ഭക്ത മോക്ഷതീരത്തിലേക്കാണ് എത്തുന്നത്. കാട്ടിൽ നിന്നും കുഴൽ വിളി കേൾക്കുമ്പോൾ നിലാവിന്റെ പൂമാലകൾ വാരിയണിഞ്ഞ് അവൾ ഇറങ്ങുന്നത് കണ്ണീരിൽ കുളിച്ചാണ്. എന്തിന് കണ്ണൻ വിളിക്കുന്നു എന്ന് കവയിത്രി വിവരിക്കുന്നതിങ്ങനെ
''നിന്നോടൊത്ത് രമിപ്പതിന്നല്ല
ഹാസലോലയായ് തോഴിമാരൊപ്പം
ലാസനൃത്തങ്ങളാടുവാനല്ല...
ചന്ദ്രികയിൽ യമുന മുങ്ങുമ്പോൾ
നിന്റെ കൈകോർത്തു നീന്താവനല്ല...
എന്നെ മാത്രം വിളിച്ചത് വീണ്ടു-
മൊന്നു കാണുവാൻ മാത്രമാണല്ലോ
അവിടെ നിന്നും മൃത്യുവിലേക്കാണ് പോകുന്നത്. ഇത്രമനോഹരമായി മൃത്യുവിനെ വർണ്ണിക്കുന്ന വരികൾ മലയാള കവിതയിലുണ്ടോ എന്ന് സംശയമാണ്
''.......... പുഞ്ചിരികൊള്ളും നിന്റെ കൈയ്യി തളർന്നു വീഴുമ്പോൾ
ചന്ദനം മണക്കുന്നൊരാ മാറിൽ
സങ്കടങ്ങളിറക്കി വയ്ക്കുമ്പോൾ
ശ്യാമസുന്ദരാ, മൃത്യുവും നിന്റെ
നാമമാണെന്നു ഞാനറിയുന്നേൻ