കുഞ്ഞുങ്ങളുള്ള അമ്മമാർ ഏറ്റവുമധികം വിഷമിക്കുന്നത് കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ ഓർത്താണ്. എന്തിനാണ് കരയുന്നതെന്ന് അറിയാതെയുള്ള ടെൻഷൻ വേറെയും. ഏതു സമയവും കൈയ്യിൽ എടുത്തു നടക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അമ്മമാർക്ക് അറിയാവുന്നതു പോലെ മറ്റാർക്കും മനസിലാകുകയുമില്ല. ആ സമയത്ത് അമ്മമാർക്കുണ്ടാകുന്ന ആശങ്ക ചില്ലറയല്ല. കുഞ്ഞ് കരയുന്നതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്തരം മാർഗങ്ങൾ ഉപയോഗിച്ച് അവരുടെ ശ്രദ്ധ തിരിച്ച് കരച്ചിൽ കുറയ്ക്കാം. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കരച്ചിൽ നിർത്താനുള്ള ചില മാർഗങ്ങളിതാ..
കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തിയോ, മടിയിലും കാൽ മുട്ടിലും മറ്റും കിടത്തിയോ ചാഞ്ചാടിച്ചാൽ അവരുടെ കരച്ചിൽ ക്രമേണ കുറക്കാൻ കഴിയും. തൊട്ടിലിൽ കിടത്തി ആട്ടിയാൽ കുഞ്ഞുങ്ങൾ പെട്ടെന്ന് ഉറങ്ങുകയും ചെയ്യും. കരയുന്ന കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാൻ എപ്പോഴും പാട്ടിന് കഴിയാറുണ്ട്. മുൻപ് അമ്മമാർ താരാട്ട് പാടി കുഞ്ഞുങ്ങളെ ഉറക്കുന്നത് കണ്ടിട്ടില്ലേ. ഇനിയിപ്പോൾ പാടാൻ ബുദ്ധിമുട്ടാണെങ്കിൽ അവർക്ക് മ്യൂസിക് പ്ലെയർ വഴി സംഗീതം കേൾപ്പിച്ചാലും മതി. അടിച്ചുപൊളി പാട്ടുകൾ ഒഴിവാക്കുക. സോഫ്റ്റായിട്ടുള്ള ഗാനങ്ങൾ വേണം കുഞ്ഞിച്ചെവികളിലെത്താൻ.
കുഞ്ഞിനെ സുരക്ഷിതമായി രീതിയിൽ ഡ്രൈവിംഗിന് കൊണ്ടു പോകുന്നത് നല്ലതാണ്. പുറത്തെ കാഴ്ചകളൊക്കെ കണ്ടിരിക്കുമ്പോഴേക്കും കരച്ചിൽ മാറും. കാറിൽ പോകുന്നതാണ് കൂടുതൽ സുരക്ഷിതത്വം. വെയിലോ മഴയോ ഒന്നും കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുകയുമില്ല.
കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തുന്നില്ല എങ്കിൽ സ്ട്രോളറിലും മറ്റും ഇരുത്തി മുന്നോട്ടും പിന്നോട്ടും വലിച്ചു നോക്കൂ. കരച്ചിൽ നിർത്തുന്നതോടൊപ്പം അവരിൽ ഒരു കൗതുകമുണർത്താനും അത് വഴി സാധിക്കും. അതോടെ കരച്ചിൽ മാറി ശ്രദ്ധ സ്ട്രോളറിലേക്കാകും.
വെള്ളം വീഴുന്നതിന്റെ ശബ്ദം കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ സഹായിക്കും. പക്ഷേ, വെള്ളത്തിൽ ഒറ്റയ്ക്ക് കളിക്കാൻ അനുവദിക്കരുത്. അതുപോലെ തന്നെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ചാൽ കുഞ്ഞുങ്ങൾക്ക് നല്ല ആശ്വാസം ലഭിക്കുകയും പെട്ടെന്ന് ഉറങ്ങുകയും ചെയ്യും. കുഞ്ഞ് കരയുമ്പോൾ കുഞ്ഞിന്റെ ചെവിയിൽ നിന്നും രണ്ടിഞ്ച് മാറി ചെറിയ ശബ്ദം കേൾപ്പിച്ചു നോക്കുക. കുഞ്ഞിന്റെ കരച്ചിലിനേക്കാൾ ഉച്ചത്തിലായിരിക്കണം ശബ്ദം. കരച്ചിൽ നിന്നും ശ്രദ്ധ തിരിച്ച് കുഞ്ഞ് പുതിയ ശബ്ദം ശ്രദ്ധിക്കും