പ്രകൃതിയുടെ പുത്രിയായിരുന്നു കവയിത്രി സുഗതകുമാരി. അനീതിക്കിരയാകുന്ന നിരാലംബർക്ക് എന്നും അഭയമായിരുന്ന അമ്മയും. മണ്ണും മനുഷ്യരും മരങ്ങളും പുഴകളും എല്ലാം ഉൾക്കൊള്ളുന്ന ഭൂമിക്കു വേണ്ടിയാണ് രചനയുടെ ആ ഉറവ പ്രവഹിച്ചത് . ആർദ്രമായ മനസും കാരുണ്യം നിറഞ്ഞ ഹൃദയവും പ്രതിഫലിച്ച കവിതയായിരുന്നു ഒരർത്ഥത്തിൽ സുഗതകുമാരി. ആ വേർപാട് മലയാള ഭാഷയ്ക്കെന്നപോലെ മാനവസമൂഹത്തിനും വലിയ നഷ്ടമാണ്. സൈലന്റ് വാലി വനമേഖലയിലടക്കം കേരളത്തിൽ അവശേഷിക്കുന്ന പച്ചപ്പുകൾക്ക് മലയാളി ഈ അമ്മയോട് നന്ദി പറയേണ്ടിയിരിക്കുന്നു. അങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ സുഗതകുമാരി തുറന്ന പോർമുഖമാണ് പ്രകൃതി സംരക്ഷണത്തിന്റെ ശബ്ദം കേരളത്തിൽ ഉയർന്നു കേൾക്കാൻ ഇടയാക്കിയത്. പീഡനങ്ങളാൽ തളർന്ന സ്ത്രീകൾക്ക് ചുമലുരുമ്മിക്കരയാനുള്ള തോളും ഒപ്പം സാന്ത്വനവുമായിരുന്നു അവർ. വിമർശനങ്ങളും പരിഹാസങ്ങളും വകവയ്ക്കാതെ ജീവിതകാലം മുഴുവൻ സുഗതകുമാരി പോരാടി. മലയാളത്തിലെ ഏതൊരു കവിയോടും ഒപ്പത്തിനൊപ്പം തലയുയർത്തി നിൽക്കാവുന്ന കവിത്വത്തിനുടമയായ സുഗതകുമാരിക്ക് കാവ്യ സപര്യയിൽ മാത്രം മുഴുകി യശസിന്റെ ലോകത്ത് സ്വസ്ഥമായ ജീവിതം നയിക്കാമായിരുന്നു. പക്ഷേ അവർ അതിന് തയ്യാറായില്ല. പ്രാണവായുവായിരുന്നു സുഗതകുമാരിക്കു കവിത.മനസ് പൊള്ളുമ്പോഴാണ് താൻ കവിതയെഴുതാറുള്ളതെന്ന് പറഞ്ഞിട്ടുള്ള അവർ പ്രണയത്തിന്റെ സൗന്ദര്യം തുളുമ്പുന്ന കവിതകളും അനുവാചകനായി എഴുതി.
പാവം മാനവഹൃദയം എന്ന കവിതയിൽ
" ആരു ചവിട്ടിത്താഴ്‌ത്തിലും അഴലിൻ
പാതാളത്തിലൊളിക്കിലുമേതോ
പൂർവസ്‌മരണയിലാഹ്ലാദത്തിൻ
ലോകത്തെത്തും ഹൃദയം - പാവം
മാനവഹൃദയം " എന്നും
ഒരു താരകയെ കാണുമ്പോൾ - അതു രാവു മറക്കും
പുതുമഴകാൺകെ - വരൾച്ച മറക്കും
പാൽച്ചിരി കണ്ടതു മൃതിയെ
മറന്നു സുഖിച്ചേ പോകും " എന്നും സുഗതകുമാരി എഴുതി. സമാനഹൃദയനു വേണ്ടി അവർ പാടി. പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ കനൽ ചുട്ടെടുത്തതും സ്നേഹത്തിന്റെയും ഭക്തിയുടെയും ആഴമറിഞ്ഞതുമായ കവിതകൾ.
" ചപലകാളിന്ദി തൻ കുളിരലകളിൽ
പാതിമുഴുകി നാണിച്ചു മിഴികൂമ്പി
വിറപൂണ്ട കൈനീട്ടി നിന്നോട്
ഞാനെന്റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല..." ( കൃഷ്ണാ നീയെന്നെ അറിയില്ല) അങ്ങനെ അനവധി കവിതകൾ.
സ്വാതന്ത്യസമര സേനാനിയും കവിയുമായ ബോധേശ്വരന്റെയും പ്രൊഫ.കാർത്യായനി അമ്മയുടെയും മകളായിട്ടാണ് ജനിച്ചത്. ജ്യേഷ്ഠത്തി ഹൃദയകുമാരിയും അനുജത്തി സുജാതദേവിയും ഒരുപോലെ സാഹിത്യ നഭസിൽ സുഗതയോടൊപ്പം തിളങ്ങി. സഹോദരിമാരുടെ വേർപാടുകൾ തന്നെ വല്ലാതെ ഒറ്റപ്പെടുത്തിയെന്ന് സുഗതകുമാരി പറഞ്ഞിട്ടുണ്ട്.
ഇരുണ്ട വർഷകാലസന്ധ്യകളിൽ അച്ഛൻ ഇടിമുഴക്കം പോലെ കവിത ചൊല്ലുന്നത് കേട്ടാണ് തങ്ങൾ മൂന്നു പേരും വളർന്നതെന്ന് സുഗതകുമാരി എഴുതിയിട്ടുണ്ട്. കവിതയോട് പ്രണയം തോന്നിയത് സ്വാഭാവികം. അശരണർക്കും ആലംബഹീനർക്കും ആശ്രയമായി സുഗതകുമാരി സ്ഥാപിച്ച അഭയ കാരുണ്യം തുളുമ്പുന്ന ഒരു കവിത തന്നെയാണ്.
മുത്തുച്ചിപ്പി,ഇരുൾച്ചിറകുകൾ, അമ്പലമണി,കൃഷ്ണാ നീയെന്നെ അറിയില്ല, പാവം മാനവഹൃദയം,തുലാവർഷപ്പച്ച ,സൈലന്റ് വാലി തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ രചനകൾ. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ,വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം,വള്ളത്തോൾ അവാർഡ് ,ഒ.എൻ.വി പുരസ്കാരം അടക്കം അർഹമായ ബഹുമതികൾ സുഗതകുമാരിയെ തേടിയെത്തി. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാർഡും സുഗതകുമാരിക്കായിരുന്നു. രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഒരു തൈ നടാം എന്ന കവിതയിൽ അവർ ഇങ്ങനെ എഴുതി.
" ഒരു തൈ നടാം,നമുക്കമ്മയ്ക്കുവേണ്ടി.
ഒരു തൈ നടാം, കൊച്ചുമക്കൾക്കു വേണ്ടി,
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി,
ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി." പ്രകൃതിയെ എന്നും അവർ ഉപാസിച്ചു.
പൊതുവെ കവികളും കലാകാരൻമാരുമൊക്കെ സമൂഹവുമായി അകന്ന് ദന്തഗോപുരങ്ങളിൽ കഴിയുന്നവരാണ് എന്ന ഒരു ധാരണ ജനങ്ങൾക്കിടയിലുണ്ട്. എന്നാൽ സുഗതകുമാരിയുടെ ജീവിതവും കവിതയും സമൂഹത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഉൾക്കൊണ്ടവയാണ്. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിൽ സുഗതകുമാരി എന്ന കവയിത്രി നിറഞ്ഞുനിന്നിരുന്നു.അവരുടെ വാക്കുകൾ എവിടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവ മാനിക്കപ്പെട്ടിരുന്നു. അബലകളായ സ്ത്രീകളുടെയും പതിതരുടെയും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും എക്കാലത്തേയും അത്താണിയായിരുന്നു അവർ. അവരുടെ കണ്ണും കാതും കടന്നു ചെല്ലാത്ത ഒരു സാമൂഹിക മേഖലയും ഇല്ലെന്നുതന്നെ പറയാം. എന്നാൽ സുഗതകുമാരി അവരുടെ ഏകാന്തതയിൽ പൂർണമായും കവയിത്രി മാത്രമായിരുന്നു. സുഗതകുമാരിയുടെ വിഖ്യാതങ്ങളായ കാവ്യങ്ങളുടെ അന്തർധാര സമൂഹനിരപേക്ഷവും അനാദ്യന്തവുമായ തീവ്രദുഃഖം തന്നെയായിരുന്നു. ദുഖാനുഭൂതികളിലൂടെയുള്ള ആത്മശുദ്ധീകരണമാണ് നാം അവരുടെ കാവ്യങ്ങളിൽ കാണുന്നത്. കുമാരനാശാൻ, ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്,പി.കുഞ്ഞിരാമൻനായർ തുടങ്ങിയ മഹാകവികളുടെ കാൽപ്പനിക പാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് സുഗതകുമാരിയിൽ കാണുന്നതെന്ന് നമ്മുടെ കാവ്യനിരൂപകർ നിരീക്ഷിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ കവിതകളുടെ അന്തർലോകങ്ങളിൽ അനാദിയായ ദുഖവും നിരുപാധികമായ സ്നേഹത്തിനു വേണ്ടി പിടയുന്ന ഒരു ഹൃദയവും തെളിഞ്ഞു വരുന്നു. കേരളകൗമുദിയുടെ ആത്മമിത്രവും അഭ്യുദയകാംക്ഷിയുമായിരുന്നു സുഗതകുമാരി. ആ വേർപാടിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.