kunjalikkutty

കോഴിക്കോട്: മുസ്ളിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എം.പി സ്ഥാനം രാജിവയ്‌ക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. സംസ്ഥാന രാഷ്‌ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് സ്ഥാനം രാജിവയ്‌ക്കുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കും. നിലവിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താവുന്ന തരത്തിലാകും കുഞ്ഞാലിക്കുട്ടി രാജി വയ്‌ക്കുകയെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഈ നടപടി.

ഇന്ന് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലീഗിന് വലിയ പരിക്കേ‌റ്റിരുന്നില്ല. ഇതിനുകാരണം കുഞ്ഞാലിക്കുട്ടിയുടെ സംഘാടനമികവാണെന്ന വിശ്വാസത്തിലാണ് പാർട്ടി അദ്ദേഹത്തോട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെടുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

ലീഗ് നടപടി അധികാര കൊതിയാണെന്ന് ബിജെപി വിമർശിച്ചു. നിരുത്തരവാദപരമായ നടപടിയാണിതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.