sukumar

കോട്ടയം: സഭയെ പിടിച്ചുലയ്ക്കുകയും രാജ്യമാകെ ഉറ്റുനോക്കുകയും ചെയ്ത അഭയകൊലക്കേസിന്റെ നാൾ വഴികൾ കേസ് ഡയറിയെന്ന ഒരു പുസ്തകത്തിന്റെ പിറവിയ്ക്കും കാരണമായി.

അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് പുസ്തകത്തിന്റെ രചയിതാവ്. കേസിന്റെ തുടക്കം മുതലുണ്ടായ അട്ടിമറിശ്രമങ്ങളും അതിജീവനങ്ങളും വള്ളിപുള്ളിവിടാതെ കേസ് ഡയറിയെന്ന ഈ പുസ്തകത്തിൽ പരാമ‌ർശിച്ചിട്ടുണ്ട്. വളച്ചൊടിക്കാത്ത നേരിന്റെ പേനയാണ് ഈ കൃതിയെന്നാണ് പ്രഭാഷണകലയുടെ കുലപതിയായ യശഃശ്ശരീരനായ ഡോ. സുകുമാർ അഴീക്കോട് ജോമോനയച്ച കത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. വിശദമായി എഴുതിയിട്ടുള്ളത് .

sukumar1

തിരക്കുകളുടെ നടുവിൽ അഭയ കേസ് ഡയറി ഒന്ന് മറിച്ചു നോക്കാമെന്ന് കരുതി തുറന്ന എനിക്ക് പുസ്തകം ആകെ വായിക്കാതെ അത് അടച്ചു വയ്ക്കാനായില്ലെന്ന ആമുഖത്തോടെയാണ് കത്തിന്റെ തുടക്കം. സത്യത്തോടുള്ള പ്രതിബദ്ധത കാരണം ഈ കേസിനോട് ബന്ധപ്പെട്ട് വാദിച്ച ഏത് അഭിഭാഷകരെക്കാളും കേസ് അന്വേഷിച്ച ഏത് പോലീസ് ഉദ്യോഗസ്ഥരെക്കാളും, വിവിധ ഘട്ടങ്ങളിൽ കേസിന്റെ പലഭാഗങ്ങളിൽ വിധി പ്രസ്താവിച്ച ന്യായാധിപന്മാരെക്കാളും താങ്കളുടെ ശബ്ദം കേരളം ശ്രദ്ധയോടെ കേട്ടു . ഇത്ര നീണ്ട കാലത്തിനു ശേഷം ഔദ്യോഗിക രൂപത്തിലുള്ള സമസ്ത പ്രതിബന്ധങ്ങളെയും അതിലംഘിച്ചുകൊണ്ട് ഈ കേസ് പുനരുദ്ധരിച്ച താങ്കൾ, സത്യത്തിൽ അപമൃത്യുവിന് ഇരയായ സിസ്റ്റർ അഭയക്കു തന്നെ പുനർ ജീവിതം കൊടുത്തിരിക്കുകയാണ് . നിയമപാലന ചരിത്രത്തിൽ ഈ കേസ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല. നീതിക്കു വേണ്ടി വ്യക്തി ജീവിതത്തിൽ നേരിടാവുന്ന എല്ലാ എതിർപ്പുകളെയും സർവ്വ ദുഃഖങ്ങളെയും പ്രലോഭനങ്ങളെയും നേരിട്ട് വിജയത്തിന്റെ അടുത്തേക്ക് നീങ്ങിപ്പോകുന്ന താങ്കളുടെ ചിത്രം ധർമ്മവിജയത്തിന്റെ പ്രതിരൂപമായി വാഴ്ത്തപ്പെടാതിരിക്കില്ലെന്ന സൂചനയോടെയാണ് ഡോ. സുകുമാർ അഴീക്കോട് കത്ത് ഉപസംഹരിച്ചിരിക്കുന്നത്. അഭയക്കേസിലെ വിധിപ്രസ്താവത്തോടെ ഡോ. സുകുമാർ അഴീക്കോടിന്റെ വാക്കുകളും സാ‌ർത്ഥകമായി. അഭയക്കേസിൽ നീതിയ്ക്കൊപ്പം ധർമ്മവിജയത്തിന്റെ ആൾരൂപമായിമാറിക്കഴിഞ്ഞു ജോമോനും.