prathikal

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം തടവ് ലഭിച്ചെങ്കിലും അപ്പീലിൽ ഹൈക്കോടതിയിൽ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ ലഭിക്കാൻ വൈകിയേക്കും. ഏതാണ്ട് ഒരു വർഷമെങ്കിലും പ്രതികൾക്ക് ജയിലിൽ കഴിയേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഹൈക്കോടതി സാധാരണ ശിക്ഷയ്ക്ക് സ്റ്റേ അനുവദിക്കാറില്ല. ജീവപര്യന്തം ശിക്ഷ ആണെങ്കിൽ കൂടി അപൂർവമായി മാത്രമെ സ്റ്റേ ചെയ്യാറുമുള്ളൂ. അങ്ങനെ ശിക്ഷ സ്റ്റേ ചെയ്യണമെങ്കിൽ പ്രതിക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്നതിന് ശക്തമായ തെളിവുകളും വേണം.

സാധാരണ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നതുമാണ് കീഴ്‌വഴക്കമെന്ന് നിയമവൃത്തങ്ങൾ പറയുന്നു. കൊലപാതക കേസുകളിൽ അപ്പീൽ ഫയൽ ചെയ്താലും കേസുകളുടെ ബാഹുല്യം കാരണം ഇത് ഹൈക്കോടതി പരിഗണിക്കുന്നതിന് രണ്ട് വർഷം വരെ സമയം എടുത്തേക്കാം. അപ്പീലുകൾ മുൻഗണനാക്രമം മറികടന്ന് നേരത്തെ പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ തന്നെ വിധി നേരത്തെയുണ്ട്. അഭയ കേസിലെ പ്രതികൾക്ക് ഈ വിധി തിരിച്ചടിയായേക്കും. ഹൈക്കോടതി ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചാൽ പ്രതികൾക്ക് പിന്നെ ആശ്രയം പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ്.

എന്നാൽ, ഇത്തരം അവസരങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാനാവും സുപ്രീംകോടതി നിർദ്ദേശിക്കുക. ചിലപ്പോൾ അപ്പീൽ കേൾക്കുന്നതിനും തീർപ്പാക്കുന്നതിനും ഒരു സമയക്രമം നിശ്ചയിക്കാനും സുപ്രീംകോടതി നിർദ്ദേശിക്കാറുണ്ട്. അങ്ങനെ സംഭവിച്ചാൽ ഹൈക്കോടതി അപ്പീൽ നേരത്തെ പരിഗണിക്കും. എന്നാൽ ശിക്ഷ മരവിപ്പിക്കണമെന്നില്ല. കൊലപാതക കേസുകളിൽ അപ്പീൽ കേൾക്കുന്നതിനുള്ള സമയം ആറ് മാസമായി കുറഞ്ഞിരുന്നു. എന്നാൽ കേസുകളുടെ കുന്നുകൂടിയതോടെ ഇത് രണ്ട് വർഷം വരെ നീളുന്ന സ്ഥിതിയുമുണ്ട്. രണ്ട് വർഷത്തിനുള്ളിൽ അപ്പീൽ കേട്ടില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതിയുടെ വിധിയുണ്ട്.

കീഴ്ക്കോടതി വിധി 'ധാർമ്മിക ശിക്ഷ' കോളിളക്കം സൃഷ്ടിച്ച കേസുകളിൽ കീഴ്ക്കോടതികൾ വിധിക്കുന്ന ശിക്ഷ സാധാരണ 'ധാർമ്മിക ശിക്ഷ' ആയാണ് കണക്കാക്കപ്പെടുന്നത്. അതിന് കാരണം വിധി പറയുന്ന ജഡ്ജിമാർ തെളിവുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ ധാർമ്മികവശം കൂടി കണക്കിലെടുക്കുന്നു എന്നതാണ്. എന്നാൽ, കേസ് ഹൈക്കോടതിയിൽ എത്തുമ്പോൾ ഈ തെളിവുകൾ എല്ലാം തന്നെ അവിടെ തലനാരിഴ കീറി പരിശോധിക്കപ്പെടും. ഇതിലൂടെ പലപ്പോഴും പ്രതി കുറ്റവിമുക്തനുമാകാറുമുണ്ട്. അപ്പീലിൽ വാദം തീരാൻ ഒരു വർഷം വരെയും എടുത്തേക്കാം.