sanghummukham

തിരുവനന്തപുരം: തലസ്ഥാനവാസികളുടെ സായാഹ്നങ്ങളെ മനോഹരമാക്കിയിരുന്ന ശംഖുംമുഖം ബീച്ചിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. കടലെടുത്ത് പഴയ പ്രൗഢിയിലേക്ക് തിരികെയെത്താത്ത തീരം,പാതിയിലധികവും കടലെടുത്ത ബീച്ച് റോഡ്, തെരുവുനായ്ക്കളുടെ ബാഹുല്യം. ഇവയൊക്കെയാണ് ഇന്നത്തെ ശംഖുംമുഖം. വൈകുന്നേരങ്ങളിൽ ശംഖുംമുഖം സന്ദർശിക്കാൻ നിരവധിപേർ എത്തുന്നുണ്ടെങ്കിലും കടൽക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ തീരത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ല. റോഡിന് സമീപമുള്ള പാർക്കിലും ഹെലികോപ്ടറിന് സമീപവും അല്പനേരം ഇരുന്ന് സന്ദർശകർ മടങ്ങുന്നതാണ് പതിവ്. സന്ദർശകരുടെ എണ്ണം കുറഞ്ഞത് ബീച്ചിനെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരുടെ ജീവിതത്തേയും ബാധിച്ചു.

കാര്യമായ നവീകരണ പ്രവർത്തനങ്ങളൊന്നും ഇപ്പോൾ ശംഖുംമുഖത്തില്ല. അർബൻ, എക്കോ പാർക്കുകളുടെ നിർമ്മാണപ്രവർത്തനം തുടരുന്നുണ്ട്. ജനുവരി അവസാനത്തോടെ പാർക്കിന്റെ പണി പൂർത്തിയാക്കാനാകുമെന്നാണ് ടൂറിസം അധികൃതരുടെ വാദം. പുതിയ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കഫെറ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക്, പുതിയ ലൈറ്റ് എന്നിവയുണ്ടാകും. പാർക്കിന് നേരെ എതിർവശത്തായി പാർക്കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. പാർക്കിന് സമീപം തയ്യാറാക്കുന്ന മിയാവാക്കി പ്രോജക്ട് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു.

പാർക്കുകളുടെ പണിയിൽ മാത്രം പെട്ടെന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഒതുങ്ങാനാണ് സാദ്ധ്യത. ശംഖുംമുഖം ബീച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാകാതെ ബീച്ച് മനോഹരമാക്കുന്ന പ്രവർത്തനം നടത്താനാകില്ല. നിലവിൽ തീരത്തെ തെരുവ് വിളക്കുകൾ ഇളക്കി മാറ്റിവച്ചിരിക്കുകയാണ്. കടലേറ്റം രൂക്ഷമാകുന്നതിനാൽ സംരക്ഷണഭിത്തി അടക്കം നിർമ്മിച്ചാണ് റോഡ് പുനർനിർമ്മിക്കുന്നത്. ഇതിന് സമയമെടുക്കും. റോഡ് നിർമ്മാണത്തിന്റെ പൈലിംഗ് പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബീച്ചിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഉടൻ ആരംഭിക്കേണ്ടതില്ലെന്ന നിലപാടിലാണ് ടൂറിസം വകുപ്പ്.

 വെള്ളത്തിലാകുന്ന ടൂറിസം പദ്ധതികൾ

ഓരോ വർഷവും ശംഖുംമുഖം നവീകരണ പദ്ധതികൾക്കായി ടൂറിസം വകുപ്പ് പ്ലാൻ തയ്യാറാക്കും. കോടികൾ ചെലവിട്ട് പുതിയ ഇരിപ്പിടങ്ങൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ഫുട്പാത്ത്, പാർക്ക് തുടങ്ങിയവ നിർമ്മിക്കും. നിർമ്മാണം പൂർത്തിയായി മാസങ്ങൾക്കകം കടലാക്രമണം രൂക്ഷമായി ഇവയെല്ലാം തകരും. കടലേറ്റത്തിന് പരിഹാരം കാണാതെ നവീകരണപ്രവർത്തനം നിലനിൽക്കില്ലെന്നതാണ് യാഥാർത്ഥ്യം. മാസ്റ്റർപ്ലാനിൽ നിന്ന് 50 മീറ്റർ അകലെമാറിയാണ് നിർമ്മാണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും വർഷം തോറും കടലേറ്റം ശക്തമാകുമ്പോൾ ഇവ കൊണ്ട് പ്രയോജനമില്ലാതാകും.

 പാർക്കിന്റെ നിർമ്മാണം ജനുവരി 31നകം പൂർത്തിയാക്കും. റോഡ് പണി പൂർത്തിയാകാതെ ബീച്ചിനോട് അനുബന്ധിച്ച മറ്റ് പണികൾ പൂർത്തിയാക്കാനാവില്ല.മിയാവാക്കി പ്രോജക്ടിന്റെ പണികളും കഴിഞ്ഞമാസം ആരംഭിച്ചിട്ടുണ്ട് - ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ്