
മെക്സിക്കോ സിറ്റി: നിതംബ ഭംഗി കൂട്ടുന്നതിനായുള്ള ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ 'മെക്സിക്കൻ കിം കർദാഷിയാന് ദാരുണാന്ത്യം. മെക്സിക്കൻ മോഡലും ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായിരുന്നു ജോസെലിൻ കാനോ (29) ആണ് മരിച്ചത്.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീർണതകളെ തുടർന്ന് ഡിസംബർ ഏഴിനാണ് കാനോ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം നിതംബ ഭംഗി വർദ്ധിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയക്കായി ഒരു മാസം മുമ്പ്, കാനോ കൊളംബിയയിൽ പോയിരുന്നു. കാലിഫോർണിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഇവരുടെ മരണാനന്തര ചടങ്ങുകൾ യൂട്യബിൽ സ്ട്രീം ചെയ്തതോടെയാണ് വാർത്ത പുറത്ത് വരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. മരണവാർത്ത ജോസെലിന്റെ സഹപ്രവർത്തക ലിറ മെർസൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ ജോസെലിന് 13 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചിരുന്നത്. ആരാധകർ തന്നെയാണ് കാനോയെ 'മെക്സിക്കൻ കിം കർദാഷിയൻ' എന്ന് വിളിച്ചിരുന്നതും. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ ജോസെലിൻ ഇൻസ്റ്റയിൽ ആക്ടീവായിരുന്നു. ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.