naravane-

ന്യൂഡല്‍ഹി: അതിർത്തിയിൽ പാംഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്തെ പ്രദേശങ്ങളിൽ നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തി കരസേനാ മേധാവി എം.എം നരവനെ. ചൈനീസ് സംഘര്‍ഷ സാദ്ധ്യത തുടരുന്ന പശ്ചാത്തലത്തിലാണ് നരവനെയുടെ സന്ദർശനം.

ഇന്ന് രാവിലെ 8.30ന് നിയന്ത്രണ രേഖയിലെത്തിയ നരവനെ വടക്കൻ കമാന്‍ഡിന്റെ ഭാഗമായ പതിനാലാം സൈനിക യൂണിറ്റ് സന്ദര്‍ശിച്ചു. കമാന്‍ഡിംഗ് ഓഫീസറും ഫയർ ആന്‍ഡ് ഫ്യൂരി സൈനിക ഉദ്യോഗസ്ഥരും സൈനിക തയാറെടുപ്പുകളെ പറ്റി വിശദീകരിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് നരവനെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് സൂചന.നിയന്ത്രണ രേഖയിലെ ഇന്ത്യ - ചൈന സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഡിസംബർ 18ന് ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകൾ നടത്തിയിരുന്നു.

അതിര്‍ത്തിയിലെ പ്രശ്നങ്ങളെ പറ്റിയുള്ള വിഷയങ്ങളിൽ വിശദമായ കൂടിയാലോചനയ്ക്കും ഏകോപനത്തിനുമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയിലെത്തിയിരുന്നു.