
ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ ആറു പേരെ ജമ്മു കാശ്‌മീരിലെ അവന്തിപ്പോറയിൽ വച്ച് സൈന്യവും സി.ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
ത്രാൽ, സംഗം മേഖലകളിൽ ഗ്രനേഡ് ആക്രമണങ്ങൾ നടത്താൻ ഭീകരരെ സഹായിച്ചവരാണ് ഇവരെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സ്‌ഫോടകവസ്തുക്കൾ അടക്കമുള്ളവ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരർക്ക് സഹായങ്ങൾ നൽകുന്ന ഇവർ പാകിസ്ഥാനിൽ നിന്നുള്ളവരുമായി ബന്ധം പുലർത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞ മാസവും അവന്തിപ്പോറയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ബിലാൽ അഹമ്മദ് ചോപൻ, മുർസലീൻ ബഷീർ ഷേഖ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവർ ഭീകരരെ വിവിധ ഇടങ്ങളിൽ എത്തിക്കുകയും അവർക്ക് ആയുധങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.