spice-export

 സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 19% വളർച്ച

കൊച്ചി: കൊവിഡിലും തളരാതെ ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി മുന്നേറ്റം തുടരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസക്കാലത്ത് (ഏപ്രിൽ-സെപ്‌തംബർ) 19 ശതമാനം വളർ‌ച്ചയുമായി കയറ്റുമതി 7,00,150 ടണ്ണിലെത്തിയെന്ന് സ്‌പൈസസ് ബോ‌ർഡിന്റെ കണക്ക് വ്യക്തമാക്കി.

2019ലെ സമാനകാലത്ത് കയറ്റുമതി അളവ് 5.86 ലക്ഷം ടണ്ണായിരുന്നു. കയറ്റുമതി മൂല്യം 10,588.98 കോടി രൂപയിൽ നിന്ന് 16 ശതമാനം വർദ്ധിച്ച് 12,273.81 കോടി രൂപയിലുമെത്തി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുളക്, ജീരകം, മല്ലി, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർ‌ദ്ധനയുണ്ടായി.

മുളകിന്റെ മുന്നേറ്റം

ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടതും ഉയർന്ന വരുമാനം നേടിയതും ഇക്കുറി മുളകാണ്. 3,605 കോടി രൂപയുടെ 2.64 ലക്ഷം ടൺ മുളക് കയറ്റുമതി ചെയ്‌തു. 2,167.70 കോടി രൂപയുടെ വരുമാനം നേടി ജീരകമാണ് തൊട്ടുപുറകിലുള്ളത്. ജീരകത്തിന്റെ അളവ് 1.53 ലക്ഷം ടൺ.

ഏലയ്ക്കാക്കുതിപ്പ്

നടപ്പുവർ‌ഷം ആദ്യ ആറുമാസക്കാലത്ത് ഏറ്റവും മികച്ച വളർച്ച കയറ്റുമതിയിലും വരുമാനത്തിലും നേടിയത് ഏലമാണ്. അളവ് 369 ശതമാനവും വരുമാനം 483 ശതമാനവും ഉയർന്നു. 2019ലെ സമാനകാലത്തെ 405 ടണ്ണിൽ നിന്ന് ഇത്തവണ അളവ് 1,900 ടണ്ണിലെത്തി. വരുമാനം 56.52 കോടി രൂപയിൽ നിന്നുയർന്ന് 329.50 കോടി രൂപയായി.

പ്രതിരോധം ശക്തം!

രോഗ പ്രതിരോധശേഷി ഉയർത്താൻ ഉത്തമമെന്ന് കരുതുന്ന ഇനങ്ങൾക്ക് കൊവിഡ് കാലത്ത് വൻ പ്രിയമുണ്ട്. കയറ്റുമതി നേട്ടം ഇങ്ങനെ :

മഞ്ഞൾ : 42%

ഇഞ്ചി : 86%

 ഉലുവ, മല്ലി, കടുക്, അനീസീഡ്, ദിൽസീഡ് എന്നിവയും മികച്ച വളർച്ച നേടി.

 മൂല്യവർദ്ധിത സുഗന്ധവ്യഞ്ജന ഉത്‌പന്നങ്ങളുടെ കയറ്റുമതിയിലും മികച്ച ഉണർവുണ്ട്.