
മനുഷ്യരുൾപ്പെടെയുള്ള ജീവികളെ നിർഭയം ആക്രമിക്കുന്ന ജീവികളാണ് മുതലകൾ. കൂർത്ത പല്ലുകളാൽ ഇരയെ കോർത്തെടുത്ത് വെള്ളത്തിലേക്ക് ഊളിയിടുന്ന മുതലകളെ പേടിയില്ലാത്തവർ ആരുമില്ല. എന്തിന് മുതലകൾക്ക് തമ്മിലും പരസ്പരം ഭയം ഉണ്ട്.! അത് വെളിവാക്കുന്ന അപൂർവ ചിത്രങ്ങളാണിവ. ഭക്ഷണമൊന്നും കിട്ടാതെ വന്നപ്പോൾ സ്വന്തം വർഗത്തിൽപ്പെട്ട മുതലയെ തന്നെ ഭക്ഷിക്കുകയാണ് ഒരു ഭീമൻ മുതല.

സൗത്ത് ആഫ്രിക്കയിൽ നിന്നും പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ. 13 അടി നീളവും അര ടണ്ണോളം ഭാരവും വരുന്ന ഭീകരനായ മുതല തന്റെ നാല് ഇഞ്ച് നീളമുള്ള കൂർത്ത പല്ലുകളാൽ മറ്റൊരു മുതലയെ ആക്രമിച്ച് അകത്താക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൽ. ക്രൂഗർ നാഷണൽ പാർക്കിൽ നിന്നും ആംസ്റ്റർഡാം സ്വദേശിയായ ഫോട്ടോഗ്രാഫർ 69 കാരനായ ജാൻ ബട്ടർ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. 100 അടി അകലെ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
നൈൽ ഇനത്തിൽപ്പെട്ടതാണ് ഈ ഭീകരൻ മുതല. തന്റെ അതേ വർഗത്തിൽപ്പെട്ട മുതലയെ തന്നെയാണ് ഈ ഭീകരൻ അകത്താക്കിയതും. പക്ഷേ, തന്നേക്കാൾ വലിപ്പത്തിൽ ചെറുതാണെന്ന് മാത്രം. ജീവന് വേണ്ടി പിടിഞ്ഞ ഇരയേയും കൊണ്ട് ഭീകരൻ മുതല വെള്ളത്തിനടിയിലേക്ക് ഊളിയിടുകയും ചെയ്തു. ഏകദേശം 20 അടി വരെ നീളവും 1,650 പൗണ്ട് വരെ ഭാരവും നൈൽ മുതലകളിൽ കണ്ടുവരുന്നുണ്ട്.

സാധാരണ തങ്ങൾ ജീവിക്കുന്ന ജലസ്രോതസുകളിലെ ജീവികളെ അകത്താക്കുന്ന ഇവ കണ്ണിൽപ്പെടുന്ന എന്തിനേയും ആഹാരമാക്കാറുണ്ട്. സീബ്രകൾ, ഹിപ്പോകൾ തുടങ്ങിയ ജീവികൾ ഇവയുടെ സ്ഥിരം ഇരകളുടെ ലിസ്റ്റിൽപ്പെടും. വിശപ്പ് തലയ്ക്ക് പിടിച്ചാൽ സ്വന്തം കൂട്ടത്തിൽപ്പെട്ട മുതലകളെ വരെ അകത്താക്കാൻ ഇവയ്ക്ക് ഒരു മടിയുമില്ല.