ebola

കേപ് ടൗൺ: ഭാവിയിൽ കൂടുതൽ പുതിയ വൈറസുകൾ ലോകത്തിന് ഭീഷണിയായേക്കാമെന്ന് എബോള വൈറസിനെ കണ്ടെത്താൻ സഹായിച്ച ശാസ്ത്രജ്ഞനായ ജീൻ ജാക്വസ് മുയംബേ ടംഫുമുന്റെ മുന്നറിയിപ്പ്. ആ വൈറസുകൾ കൊവിഡിനേക്കാൾ അപകടകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എബോള കണ്ടുപിടിച്ച നാൾ മുതൽ പുതിയ വൈറസുകളെ തേടിയുള്ള യാത്രയിലാണ്

താനെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിൽ എബോള റിപ്പോർട്ട് ചെയ്ത സമയത്ത്, രോഗബാധിതരായവരുടെ രക്ത സാമ്പിളുകൾ സ്വീകരിക്കാൻ ഞാൻ മുൻപന്തിയിലുണ്ടായിരുന്നു. മരണനിരക്ക് വളരെ കൂടുതലുള്ള രോഗമാണ് എബോള. ആദ്യ ഘട്ടത്തിൽ രോഗബാധിതരായ 88 ശതമാനം പേരുടെ ജീവനും എബോള കവർന്നിരുന്നു. രോഗം ആദ്യം കണ്ടെത്തിയ യംബുകു ആശുപത്രിയിലെ 80 ശതമാനം ജീവനക്കാരും എബോള ബാധിച്ച് മരിച്ചിരുന്നു.

രക്ത സാമ്പിളുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കയറ്റി അയച്ചിരുന്നു. അവിടെ നിന്നാണ് വൈറസിനെ തിരിച്ചറിഞ്ഞത്. എബോള നദിയുടെ പരിസരത്ത് ആദ്യ കാലത്ത് ഈ അസുഖം റിപ്പോർട്ട് ചെയ്തിരുന്നു. അത് കൊണ്ടാണ് വൈറസിന് എബോളയെന്ന് പേരിട്ടത്. സായ്റേ എന്നും ഈ വൈറസിനെ വിളിയ്ക്കാറുണ്ട് - ജീൻ പറയുന്നു. പുതിയ വൈറസുകൾ ഭാവിയിൽ ഉയർന്നു വന്നേക്കാം. അത് കൊവിഡിനേക്കാൾ ഭയാനകവും പ്ലേഗിനെപ്പോലെ പടർന്നു പിടിക്കുന്നതുമായിരിക്കും - ജീൻ കൂട്ടിച്ചേർത്തു.