
തിരുവനന്തപുരം: താൻ നാല് മാസം മുൻപ് പറഞ്ഞ കാര്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്നും പാർട്ടിയിൽ പലർക്കും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എം.പി. അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പരിഹരിക്കേണ്ട സമയത്ത് പരിഹരിക്കുന്നില്ലെന്നും പത്തിൽ നിന്ന് എട്ട് പോയാൽ പതിനെട്ട് അല്ലെന്ന് മനസിലാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ബിജെപിയുടെ വളർച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അടിസ്ഥാന ഘടകങ്ങൾ എതിരായപ്പോഴാണ് പാർട്ടിക്ക് തിരിച്ചടി നേരിട്ടതെന്നും മുരളീധരൻ സൂചിപ്പിച്ചു. പാർട്ടി ഇപ്പോൾ റിവേഴ്‌സ് ഗിയറിലാണ് പോകുന്നത്. സ്വർണവും സ്വപ്‌നയും രക്ഷിച്ചില്ല. തോറ്റത് മെച്ചമായി അല്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മൊത്തത്തിൽ തകർന്നേനെ. പരാജയം വിശകലനം ചെയ്യാൻ ഇപ്പോൾ അവസരം കിട്ടിയിട്ടുണ്ടെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.
സ്വയം ഇറങ്ങി പണിയെടുക്കാതെ തിരഞ്ഞെടുപ്പിൽ രക്ഷയില്ല. മത്സരിക്കാൻ എത്തുന്നവരിൽ പലർക്കും വാർഡിൽ എത്ര ബൂത്തുണ്ടെന്ന് അറിയില്ലെന്നും കോർപറേഷനിൽ നെടുങ്കാട് വാർഡിൽ കോൺഗ്രസിന് വോട്ട് തന്ന 74 പേർ എന്തുവന്നാലും കോൺഗ്രസിന് വോട്ട് ചെയ്യാം എന്ന് കരുതുന്നവരാണെന്നും മുരളീധരൻ പറഞ്ഞു. ലോക്‌സഭയിൽ ഇത്രയും ഭൂരിപക്ഷം കിട്ടിയത് എങ്ങനെയാണെന്ന് സ്ഥാനാർത്ഥികൾക്ക് പോലും അറിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.