bis-hallmark

കൊച്ചി: രാജ്യത്ത് വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് കേന്ദ്രസർക്കാർ അടുത്ത ജൂൺ ഒന്നുമുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർ‌ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ കൈവശമുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ലെന്നും ആശങ്ക വേണ്ടെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.

സ്വർണാഭരണക്കടകളിൽ വിൽക്കുന്ന പുതിയ ആഭരണങ്ങൾക്കാണ് ചട്ടം ബാധകം. ഉപഭോക്താക്കളുടെ പക്കൽ ഇപ്പോഴുള്ള ഹാൾമാർക്ക് ചെയ്യാത്ത ആഭരണങ്ങളും നാണയങ്ങളും മറ്റ് സ്വർണ ഉരുപ്പടികളും ഉപയോഗിക്കാനും വിൽക്കാനും മാറ്റിയെടുക്കാനും പണയം വയ്ക്കാനും തടസമില്ല.

ആദ്യം ജനുവരി 15 മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നാണ് കേന്ദ്രം പറഞ്ഞിരുന്നതെങ്കിലും കൊവിഡ് പശ്‌ചാത്തലത്തിൽ ജൂൺ ഒന്നുവരെ സാവകാശം നൽകുകയായിരുന്നു. മറിച്ചുള്ള പ്രചാരണങ്ങൾ നടത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും അത്തരക്കാ‌ർക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നിയമനടപടി എടുക്കാനാകുമെന്നും അവർ പറഞ്ഞു.