
ന്യൂഡൽഹി : ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്രയ്ക്ക് പിന്നാലെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി കർണാടക. നാളെ മുതൽ ( ഡിസംബർ 24 ) ജനുവരി 2 വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ എന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.
ഇന്ന് രാത്രി മുതൽ കർഫ്യൂ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. രാത്രി 10 മുതൽ രാവിലെ 6 വരെയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ യെദ്യൂരപ്പ ഇന്ന് വൈകിട്ടോടെ തീരുമാനം മാറ്റുകയായിരുന്നു. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്. ജനുവരി 5 വരെ നീളുന്ന കർഫ്യൂ രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ്. മുംബയ് ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.