mukkam-

കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭാ ഭരണവും എൽ.ഡി.എഫിന്. ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച മുഹമ്മദ് അബ്ദുൽ മജീദ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നഗരസഭാ ഭരണം എൽ.ഡി.എഫ് നേടിയത്. ​ഇടതു പക്ഷത്തോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുമെന്ന് മുഹമ്മദ് അബ്ദുൽ മജീദ് പറഞ്ഞു. തന്റെ വോട്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ ഇടതുപക്ഷം അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും മജീദ് വ്യക്തമാക്കി.

വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഹകരണം കൊണ്ട് ശ്രദ്ധേയമായിരുന്നു മുക്കം നഗരസഭ.. ആകെയുള്ള 33 സീറ്റിൽ യു.ഡി.എഫ് വെൽഫെയർ സഖ്യത്തിന് 15 സീറ്റും, എൽ.ഡി.എഫിന് 15 സീറ്റും എൻ.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടർന്നാണ് ഇരട്ടകുളങ്കര വാർഡിൽ നിന്നും വിജയിച്ച ലീഗ് വിമതൻ മുഹമ്മദ് അബ്ദുൾ മജീദ് നിർണായകമായത്.

മുക്കത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അബ്ദുൾ മജീദ് പറഞ്ഞു. താൻ ഇപ്പോഴും ലീഗുകാരൻ തന്നെയാണ്. നഗരസഭയ്ക്കുള്ളിൽ മാത്രമാണ് പിന്തുണ നൽകുകയെന്നും പുറത്ത് ലീഗിന്റെ പ്രവർത്തനത്തിൽ സജീവമാകുമെന്നും മുന്നോട്ട് വെച്ച കാര്യങ്ങളിൽ നിന്ന് പിന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കുമെന്നും അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി.