
ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾനേടുന്ന താരമായി മെസി
ബാഴ്സലോണയ്ക്കായി ഇതുവരെ 644 ഗോളുകൾ
മറികടന്നത് പെലെയുടെ റെക്കാഡ്
വല്ലഡോളിഡ് : ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡ് സാക്ഷാൽ പെലെയെ മറികടന്ന് ലയണൽ മെസി സ്വന്തമാക്കി. ഇന്നലെ ലാലിഗ മത്സരത്തിൽ റയൽ വല്ലഡോളിഡിനെതിരെ അറുപത്തിയഞ്ചാം മിനിട്ടിൽ നേടിയ ഗോളിലൂടെയാണ് മെസി റെക്കാഡ് സ്വന്തമാക്കിത്. ബാഴ്സലോണയ്ക്കായി മെസിയുടെ 644-ാം ഗോളായിരുന്നു ഇത്. ബ്രസീലിയൻ ക്ലബ് സാന്റോസിനായി പെലെ നേടിയ 643 ഗോളുകളുടെ റെക്കാഡാണ് മെസി മറികടന്നത്.
കഴിഞ്ഞയാഴ്ച വലൻസിയക്കെതിരെ ഗോൾ നേടിയാണ് പെലെയുടെ റെക്കാഡിനൊപ്പം മെസിയെത്തിയത്. 665 മത്സരങ്ങളിൽ നിന്നാണ് പെലെ 643 ഗോളുകൾ നേടിയത്. 749 മത്സരങ്ങളിൽ നിന്നാണ് മെസി 644ൽ എത്തിയത്. മെസിക്ക് 17 സീസണുകളും പെലെയ്ക്ക് 19 സീസണുകളും ഈ നേട്ടത്തിൽ എത്താൻ വേണ്ടി വന്നു.
വല്ലഡോളിഡിനെതിരെ നിറഞ്ഞാടിയ മെസിയുടെ മികവിൽ ബാഴ്സലോണ 3-0ത്തിന് ജയിച്ചു. 21-ാം മിനിട്ടിൽ ലെംഗ്ലെറ്റ് നേടിയ ഗോളിന് വഴിയൊരുക്കിയ പാസ് നൽകിയത് മെസിയായിരുന്നു. മുപ്പത്തിയഞ്ചാം മിനിട്ടിൽ ബ്രാത്ത്വെയ്റ്റ് ബാഴ്സയുടെ ലീഡ് രണ്ടായി ഉയർത്തി. തുടർന്ന് 65-ാം മിനിട്ടിൽ പെഡ്രിയുടെ പാസിൽ നിന്നാണ് നാഴികക്കല്ലായ ഗോൾ മെസി നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ബാഴ്സയുടെ ആദ്യ എവേ ജയമാണിത്.
2004 മുതൽ ബാഴ്സയുടെ സീനിയർ ടീമിൽ അംഗമായ മെസി ബാലൻ ഡി ഓർ പുരസ്കാരം അഞ്ച് തവണ നേടുന്ന ആദ്യ കളിക്കാരനാണ്.
1995ൽ തന്റെ ജന്മനാടായ അർജന്റീനയിലെ പട്ടണമായ റൊസാരിയോയിൽ ന്യൂവെൽസ് ഓൾഡ് ബോയ്സിനായി പന്ത് തട്ടിയാണ് മെസി ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്.
പതിനൊന്നാം വയസിൽ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണിന്റെ കുറവ് മെസിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അർജന്റീനയിലെ പ്രമുഖ ക്ലബായ റിവർപ്ലേറ്റ് മെസിയെ നോട്ടമിട്ടിരുന്നെങ്കിലും മെസിയുടെ ചികിത്സയ്ക്കായി മാസം 900 ഡോളർ ചെലവഴിക്കാൻ അവർക്ക് ആകുമായിരുന്നില്ല.
തുടർന്നാണ് ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായ കാർലോസ് റെക്സാച്ചിന്റെ ശ്രദ്ധ മെസിയിൽ പതിയുന്നത്. അദ്ദേഹം ചികിത്സയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുകുയും മെസിയെ ബാഴ്സയുടെ അക്കാഡമിയായ ലാ മാസിയയിലേക്ക് കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.
ഫുട്ബാൾ കളിച്ചു തുടങ്ങിയ സമയത്ത് ഏതെങ്കിലും റെക്കാഡുകൾ കുറിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല. പ്രത്യേകിച്ച് പെലെയുടെ റെക്കാഡ്. ഇത്രയും കാലം എന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ടീമംഗങ്ങളോടും കുടുംബത്തോടും കൂട്ടുകാരോടും പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദി പറയുന്നു.
ലയണൽ മെസി