
നാലു വർഷം മുമ്പായിരുന്നു മലയാളത്തിന്റെ എഴുത്തമ്മ സുഗതകുമാരിയുമായുള്ള ആ കൂടിക്കാഴ്ച. അന്ന് സംസാരിച്ചതേറെയും പ്രകൃതിയെ കുറിച്ചായിരുന്നു. ദീർഘമായ അഭിമുഖത്തിനുള്ള അവസരം തന്നപ്പോൾ അതിൽ കൂടുതൽ പറഞ്ഞതും വല്ലാതെ വേദനിച്ചതുമെല്ലാം മനുഷ്യരുടെ ചെയ്തികളെ കുറിച്ച് ഓർത്തായിരുന്നു. കാടും മലയും ആർത്തിയോടെ വെട്ടിത്തെളിക്കുന്നതും വരും തലമുറയ്ക്കായി, കൺമുന്നിലുള്ള കുഞ്ഞുങ്ങൾക്കായി ഒന്നും കരുതി വയ്ക്കാത്തതുമെല്ലാം ആ അമ്മ മനസിനെ പിടിച്ചുലയ്ക്കുന്നുണ്ടെന്ന് തിരിച്ചറിയാമായിരുന്നു. സംസാരത്തിലേറെയും വിഷാദമായിരുന്നു നിഴലിച്ചത്. പുതിയ തലമുറയെന്തേ ഇങ്ങനെയെന്നായിരുന്നു ആ സംഭാഷണത്തിനിടയിൽ ഓരോ നിമിഷവും പരിതപിച്ചത്. കനിവ് വറ്റിയ തലമുറയെയാണ് പേടിച്ചതൊക്കെയും. പ്രകൃതിക്ക് വേണ്ടി സ്ഥൈര്യമുള്ള ശബ്ദത്തിൽ ഉറക്കെ വിളിച്ചു പറയുന്ന, മനുഷ്യന്റെ സന്തോഷവും വ്യഥയും ജീവിതവുമെല്ലാം അഗാധതയോടെ അക്ഷരങ്ങളാക്കിയ 'അമ്മമലയാളം" യാത്രയാകുമ്പോൾ ഓർമ്മകൾ ബാക്കിയാകുന്നു. എന്നും മലയാളത്തിന്റെ കവിയമ്മയാണ്, കരയാനും സങ്കടം പറയാനും അതു കേട്ടു നിൽക്കാനും അഭയമൊരുക്കാനും എന്നും തയ്യാറായിരുന്ന അമ്മ. ഇനി ആശ്രയത്തിനായി മുറുകെ പിടിക്കാൻ മെലിഞ്ഞതെങ്കിലും ആ കരുത്തുറ്റ കൈകൾ നൽകുന്ന സാന്ത്വനം മലയാളിക്കില്ല. തെറ്റു കാണുമ്പോഴെല്ലാം ശകാരിക്കാറുള്ള ടീച്ചറായി, അമ്മയായി കൂടെയുള്ളപ്പോൾ ആരും ആ കരുത്ത് തിരിച്ചറിഞ്ഞില്ല. എന്നും ഓടിയെത്താമായിരുന്ന അഭയകേന്ദ്രമായിരുന്നു സുഗതകുമാരി.ആ നഷ്ടം ഒരിക്കലും നികത്താനാവില്ല.
എന്റെ കൊച്ചു
കൊച്ചു സന്തോഷങ്ങൾ
മനസ് നിറയെ കവിതയാണെന്ന് പറയുന്നതുപോലെ സുഗതകുമാരി ടീച്ചറിന്റെ ജീവിതം മുഴുവനും കവിതയാണെന്ന് പറയേണ്ടി വരും. പ്രതിഷേധങ്ങളും നിലപാടുകളും കവിതകളിലൂടെ പറഞ്ഞതുപോലെ തന്നെ ജീവിതത്തിലും അത് തുറന്നെഴുതാൻ എന്നും ധൈര്യം കാണിച്ചിരുന്നു. തനിക്കെതിരെ വിമർശനങ്ങൾ കൊടുമുടി പോലെ ഉയർന്നപ്പോഴും തെല്ലും തളരാതെ, കൂടുതൽ കർമ്മോത്സാഹിയാവുകയായിരുന്നു. ചെറുപ്പത്തേക്കൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നത് എൺപതുകൾ പിന്നിട്ടപ്പോഴാണെന്ന് അഭയയുടെ മുപ്പതാം വാർഷിക വേളയിൽ ടീച്ചർ പരിതപിച്ചിരുന്നു.
'എനിക്ക് തന്നെ ചിരി വരുന്ന വിധത്തിൽ ഭ്രാന്തമായ തിരക്കിലാണ്. എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നതെന്ന് അന്നൊക്കെ തോന്നിയിരുന്നു. അഭയയുടെ ഭാഗമായുള്ള ജോലി തന്നെ വലുതാണ്. മുപ്പത് വർഷമായി മുന്നോട്ടു കൊണ്ടു പോകുന്നു. ആ കസേരയിൽ നിന്നും മാറാൻ അനുവദിക്കുന്നില്ല. ഒരുപാട് ചുമതലകളും ഭാരങ്ങളുമുണ്ട്. ഒരുപാട് ആളുകൾ നിരനിരയായി വരുന്നു. പരിഹരിക്കാനാകാത്ത പ്രശ്നങ്ങളും ഏറെയാണ്. ഇതിനിടയിൽ പരിസ്ഥിതി പ്രശ്നങ്ങൾ വേറെ. കഴിഞ്ഞ കുറേ നാളുകളായി ഇങ്ങനെ തന്നെയാണ്. അഭയയുടെ മുപ്പതാം വാർഷികം കൂടിയായതോടെ തിരക്ക് വീണ്ടും കൂടി. ഇതൊന്നും സന്തോഷകരമായ കാര്യങ്ങളല്ല. എല്ലാം കഠിനമാണ്, പരാതികളും ആവലാതികളും സങ്കടങ്ങളും ഒക്കെയാണ് ദിവസവും കേൾക്കുന്നത്. ഒരു ആഹ്ലാദത്തിന്റെ മുഖം കാണുന്നത് വളരെ ചുരുക്കമാണ്. ഈയിടെ എഴുത്തിനിരുത്തിന് പോയപ്പോൾ കാണാൻ ഐശ്വര്യമുള്ള ഒരു കുട്ടിയെ കണ്ടു, കണ്ടപ്പോൾ തന്നെ പരിചയം തോന്നി. ടീച്ചറമ്മയെ കൊണ്ടേ എഴുതിക്കൂവെന്ന് പറഞ്ഞ് തൃശൂർ നിന്നും വന്നവരാണ്. ടീച്ചറമ്മയെന്ന് എന്നെ വിളിക്കുന്നത് അഭയയിലെ കുട്ടികളാണ്. അപ്പോൾ അഭയയിൽ നിന്ന് പഠിച്ചിറങ്ങിയതാണെന്ന് പറഞ്ഞു. അവളുടെ മുഖത്തെയും കുഞ്ഞിന്റെ മുഖത്തെയും ചിരി കണ്ടപ്പോൾ ഉള്ളു നിറയെ സന്തോഷം തോന്നി. സുഖമാണോ മോളേയെന്ന് ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൂടിത്തന്നു. ഇതൊക്കെയാണ് എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ.

കവിതയിൽ കാണുന്നു കണ്ണുനീരും
കവിതയോടൊപ്പം സാമൂഹിക ജീവിതം കൂടി ചേരുമ്പോഴാണ് സുഗതകുമാരി എന്ന നാമം അന്വർത്ഥവും പൂർണവുമാകുന്നത്. സ്നേഹശൂന്യതയാണ് എവിടെയും കാണുന്നതെന്ന് തുറന്ന് പറയാൻ സുഗതകുമാരിക്കല്ലാതെ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല. മനഃകാഠിന്യമാണ് പുതിയ തലമുറ നേരിടുന്ന പ്രധാനപ്രശ്നമെന്നും വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. ആർദ്രതയുടെ കുറവ് ഒരുപാടുണ്ട് മലയാളി മനസിൽ എന്ന് ടീച്ചർ സങ്കടപ്പെട്ടിരുന്നു. 'നമുക്കൊരുപാട് സഹായ ഹസ്തങ്ങൾ ആവശ്യമാണ്. മതവും ജാതിയും പാർട്ടിയും ഒന്നും നോക്കാത്ത ഒരുപാട് കൈകൾ ആവശ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആ ചേർത്തുപിടിക്കൽ നമുക്ക് അനിവാര്യമാണ്. സുഖവും ദുഃഖവും ഒരുപോലെയാണെന്നൊക്കെ വേദാന്തം പറയും. രണ്ടും അർത്ഥശൂന്യമാണ്. ആദ്ധ്യാത്മിക അർത്ഥത്തിൽ ഇത് രണ്ടും ഒരുപോലെയാണ്. ലൗകിക ജീവിതത്തിൽ കിടന്നുഴലുന്നവർക്ക് ദുഃഖം വലിയ ബുദ്ധിമുട്ട് തന്നെയാണ്. അതിനപ്പുറത്തൊരു സച്ചിദാനന്ദം ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ, അവിടേക്ക് എത്താൻ എത്രയോ ദൂരം ഇനിയുമുണ്ട്. തീ കൊണ്ട് പൊള്ളിയാലും പൊള്ളാതിരിക്കാൻ ഇനിയും കുറേ പോകണം. മനസ് അസ്വസ്ഥമാണ്, തിര പോലെ. പക്ഷേ, ദുർബലമല്ല. അങ്ങനെയാണെങ്കിൽ തകരില്ലേ, ഞാൻ എല്ലാം താങ്ങി നിൽക്കും." ഉറപ്പുള്ള സ്വരമായിരുന്നു അപ്പോൾ കേട്ടത്. പ്രായം എൺപത്തിരണ്ടായിരുന്നു അന്ന്.
നമുക്കൊന്നും നേടാൻ അല്ലല്ലോ
കർമ്മം നിറഞ്ഞതാണ് എന്റെ ജീവിതം. അതിൽ കർമ്മങ്ങൾ ഒരുപാട് ഒരുപാടുണ്ട്. ഒരിക്കലും വെറുതേയിരുന്നിട്ടില്ല. ജോലിയുടെയും പ്രശ്നങ്ങളുടെയും നടുവിലാണ്. എനിക്കെന്നും പ്രധാനം മനുഷ്യബന്ധങ്ങളാണ്. കുടുംബ ബന്ധങ്ങളും സ്നേഹബന്ധങ്ങളും ദൃഢമാണ്. പക്ഷേ, കൂടെ നിൽക്കുമെന്ന് വിശ്വസിച്ചിരുന്ന സൗഹൃദങ്ങളിൽ ചിലർ അകന്നുപോയി. എന്റെ ജീവിതത്തിൽ മുറിവേറ്റ സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി. എന്നാൽ, ചെയ്തുകൊണ്ടിരിക്കുന്നവ വഴിയിലിട്ടിട്ട് പോകാൻ വയ്യാത്തതുകൊണ്ട് മുറിവേറ്റാലും എത്ര മനസ് നൊന്താലും വീണ്ടും മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. പ്രശ്നങ്ങളെയെല്ലാം എങ്ങനെ അതിജീവിക്കുന്നുവെന്ന് ചോദിച്ചപ്പോൾ നേരിയ ചിരിയിൽ മനോഹരമായ, ഏറെ ആഴത്തിലുള്ള ഒരു ഉത്തരം സമ്മാനിച്ചു. 'അത് സാരമില്ല. ഇപ്പോഴും കേട്ടു കൊണ്ടേയിരിക്കുകയാണ്. നമുക്കൊന്നും നേടാൻ അല്ലല്ലോ". അതെ, വേദനിച്ചതും കലഹിച്ചതും പിണങ്ങിയതുമെല്ലാം സഹജീവികൾക്കും പ്രകൃതിക്കും വേണ്ടിയായിരുന്നു. എഴുത്തിലും വാക്കിലും ഏറെയും നിറഞ്ഞുനിന്നത് പ്രകൃതിയും സ്ത്രീയുമായിരുന്നു. ഏറ്റവുമധികം അവഹേളിക്കപ്പെടുന്നതും ചവിട്ടിത്തേയ്ക്കപ്പെടുന്നതും ഇത് രണ്ടുമായത് തന്നെയാണ് ആ തിരഞ്ഞെടുക്കലിന് കാരണവും. പ്രകൃതിയെയും സ്ത്രീയെയും രണ്ടായി ഒരിക്കലും അവർ കണ്ടിരുന്നില്ല. എന്നുവച്ച് പുരുഷപക്ഷത്തോട് എതിർപ്പ് കാട്ടിയിട്ടുമില്ല. അനീതിയോടും അക്രമത്തോടുമാണ് എക്കാലവും സന്ധിയില്ലാ സമരം ചെയ്തത്. സന്തോഷിക്കുമ്പോഴോ സമാധാനത്തോടെയിരിക്കുമ്പോഴോ ആണ് ഏറെപ്പേരും തങ്ങളുടെ സർഗവൈഭവം തെളിയിക്കാറ്. പക്ഷേ, ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. കവിതകളൊക്കെയും സംഭവിച്ചത് വേദനയിൽ നിന്നായിരുന്നു. സന്തോഷത്തോടെയിരിക്കുമ്പോഴൊരിക്കലും കവിത എഴുതാറുമില്ല, എഴുത്ത് വരികയുമില്ല. മനസ് പൊള്ളുമ്പോൾ മാത്രമാണ് പേന കൈയിലെടുക്കാറെന്ന് പറഞ്ഞിട്ടുണ്ട്. എഴുത്ത് പ്രാണവായു തന്നെയാണ്. നിലയ്ക്കുമെന്ന് തോന്നുമ്പോഴാണ് എഴുതുന്നതും.

നഷ്ടമായ തീക്ഷ്ണസാന്നിദ്ധ്യം
സ്നേഹത്തിന് ഒരുപാട് മുഖങ്ങളുണ്ട്. നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിലല്ല അത് പ്രവൃത്തിയിൽ കാണിക്കുന്നതിലാണ് ആത്മാർത്ഥതയെന്ന് ടീച്ചർ ഉറച്ചു വിശ്വസിച്ചിരുന്നു. യാതൊരു പ്രതിഫലവും കൂടാതെയാണ് ഏർപ്പെടുന്ന ജോലിയിൽ മുഴുകുന്നത്. ഞാൻ സ്വപ്നം കാണുന്ന പല കാര്യങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ എത്രയോ വേദനകൾ തിന്നിരിക്കുന്നു. ജീവിത വിരക്തി തോന്നിയിട്ടില്ല. എന്റെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും കൂടിക്കലർന്ന് എന്തെങ്കിലും ചെയ്യണമെന്നല്ലാതെ എനിക്കായിട്ടൊന്നും ചെയ്യാൻ മോഹമുണ്ടായിട്ടില്ല. ഏതിൽ നിന്നാണ് കൂടുതൽ സന്തോഷം കിട്ടുന്നതെന്ന് ചോദിച്ചാൽ അത് സ്നേഹത്തിൽ നിന്ന് മാത്രം. സ്നേഹത്തിന് ഒരുപാട് മുഖങ്ങളുണ്ട്. നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിലല്ല അത് പ്രവൃത്തിയിൽ കാണിക്കുന്നതിലാണ് ആത്മാർത്ഥത. യാതൊരു പ്രതിഫലവും കൂടാതെയാണ് ഞാൻ ഏർപ്പെടുന്ന ജോലിയിൽ മുഴുകുന്നത്. ഞാൻ സ്വപ്നം കാണുന്ന പല കാര്യങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഞാൻ എറിഞ്ഞ വിത്ത് തളിരിടുന്നത് കാണുമ്പോൾ സന്തോഷം.
'അറിവോരേ ചോദിക്കയാണ് ഞാൻ
മോഹമുണ്ടറിയുവാൻ
സൗഖ്യമെമ്മട്ടിരിക്കും?"
( കവിത- ദേവദാസി )
പതിനെട്ട് പടിയുള്ള കോവിലകത്തിന്റെ താഴെയിരിക്കുകയാണ് വൃദ്ധയും അശരണയുമായ ദേവദാസി. മുകളിൽ പോയി പാടാനും ആഹ്ലാദിക്കാനും ആഗ്രഹമുണ്ട്. പക്ഷേ, സാധിക്കുന്നില്ല. എങ്കിലും എല്ലാം അറിയുന്നുണ്ട്. ഇതേ അവസ്ഥയിലാണ് താനുമെന്ന് അന്ന് പറഞ്ഞിരുന്നു. ഉള്ളു തുറന്നു ചിരിക്കാറില്ല. അതിന് പറ്റാറുമില്ല.
അമ്മമലയാളം യാത്രയാകുമ്പോൾ ബാക്കിയാകുന്നത് പകരക്കാരിയില്ലാത്ത സമരവീര്യത്തെയാണ്, നേർവഴി കാട്ടുന്ന ഗുരുവിനെയാണ്, സ്നേഹത്തോടെ ശാസിക്കുന്ന മാതൃഭാവത്തെയാണ്.
'ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെക്കുവാനൊന്നുമില്ലാതെ
തീർത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാൻ പോകവേ,നിങ്ങൾ
കേട്ടുനിന്നുവോ! തോഴരേ, നന്ദി, നന്ദി..."
സുഗതകുമാരി പ്രകൃതിയിൽ ലയിച്ചു ചേർന്നിരിക്കുന്നു. ഇനി ആ കവിതകൾ ഇടിമിന്നൽ പോലെ ജ്വലിക്കും. എന്നും, എന്നെന്നും.