
തിരുവനന്തപുരം : അഭയ കൊലക്കേസിൽ കോട്ടൂരിന്റെ സ്വഭാവത്തെ സംബന്ധിച്ച് സഹപ്രവർത്തകരുടെ മൊഴിയും സംഭവ ദിവസം കോട്ടൂരിനെ ഹോസ്റ്റലിൽ കണ്ടെന്ന മുഖ്യസാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയും വിശ്വസനീയമാണെന്ന് പ്രത്യേക സി.ബി.ഐ കോടതി
വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.കോട്ടൂർ കോൺവെന്റിലെ നിത്യ സന്ദർശകനാണെന്ന് സാക്ഷി മൊഴികളിലും
മറ്റു തെളിവുകളിലും നിന്ന് വ്യക്തമായിട്ടുണ്ട്. സെഫിയും താനും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്നെന്നും രാത്രികാലങ്ങളിൽ ബന്ധം പുലർത്തിയിരുന്നെന്നും പ്രോസിക്യൂഷൻ സാക്ഷിയായ കളർകോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവായി കോടതി സ്വീകരിക്കുന്നു. ഇതിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാവുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഫോറൻസിക് വിദഗ്ദ്ധൻ ഡോ. കന്തസ്വാമി, പോസ്റ്റുമോർട്ടം നടത്തിയ ഡോ. രാധാകൃഷ്‌ണപിള്ള എന്നിവരുടെ കണ്ടെത്തലുകളും കൊലപാതകമാണെന്നതിന് തെളിവാണ്. അഭയയുടെ തലയിലേറ്റ മാരകമായ മുറിവ് ആയുധം കൊണ്ടുള്ളതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. കഴുത്തിൽ അമർത്തിയ പാടുകളും മൂക്കിന്റെ ഇരുവശത്തും നഖപ്പാടുകളുമുണ്ടായിരുന്നെന്ന് ഫോട്ടോഗ്രാഫർ മൊഴി നൽകി. ശരീരത്തിലെ മറ്റ് മുറിവുകൾ വെള്ളത്തിൽ വീണതിന് മുൻപുള്ളതാണെന്നതിന് ശാസ്ത്രീയ തെളിവുണ്ട്.
തലേദിവസം വരെ പ്രസന്നവതിയായി കണ്ടിരുന്ന അഭയ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ആത്മഹ്യതയുടെ ലക്ഷണങ്ങളൊന്നും കാണാനായില്ലെന്ന സാക്ഷി മൊഴികളും കോടതിക്ക് ബോദ്ധ്യമായി. ഇവയെല്ലാം പരിഗണിക്കുമ്പോൾ രണ്ട് പ്രതികളും ചേർന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്‌ത്തി കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്താനായി. പ്രതികൾ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെന്നും വിധിന്യായത്തിൽ പറഞ്ഞു..