
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മറുപടിയില്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. സര്‍ക്കാര്‍ ആരോപിക്കുന്ന കാര്യങ്ങള്‍ താന്‍ ചെയതിട്ടില്ല. പ്രത്യേക സമ്മേളനത്തിനായി ചട്ടപ്രകാരമുള്ള അപേക്ഷയല്ല സര്‍ക്കാരില്‍ നിന്ന് വന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്തു. . എന്താണ് പ്രത്യേക സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്ന ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും ഗവര്‍ണറുടെ മറുപടി കത്തില്‍ പറയുന്നു.
അതീവ രഹസ്യസ്വഭാവമുള്ളത് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. എന്നാല്‍ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായ കാര്യവും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് നടത്താനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഗവര്‍ണറുടെ നടപടി ഭരണഘടനക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.