
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. ചൊവ്വാഴ്ച രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെന്നിത്തലയെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്കു മാറ്റും.
കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 6169 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 953, കോട്ടയം 642, കോഴക്കോട് 605, തൃശൂർ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂർ 228, കാസർകോട് 68 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.