
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ പ്രതിമ ഡൽഹിയിലെ ഫിറോസ് ഷാ കോട്ട്ലയിൽ സ്ഥാപിക്കാനുള്ള ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുൻ ഇന്ത്യൻ താരം ബിഷൻസിംഗ് ബേദി. പ്രതിമ സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായി ഡി.ഡി.സി.എയിലുള്ള തന്റെ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് ബേദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. കോട്ട്ല സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ പുതിയ സെക്രട്ടറിയും അരുൺ ജെയ്റ്റ്ലിയുടെ മകനുമായ രോഹൻ ജെയ്റ്റിലിക്ക് ബേദി കത്തയച്ചു. 1999 മുതൽ 2013 വരെ ഡി.ഡി.സി.എ പ്രസിഡന്റായിരുന്നു അരുൺ ജെയ്റ്റ്ലി. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ആറടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ഡി.ഡി.സി.എ തീരുമാനിച്ചത്.