farmers-

ന്യൂഡൽഹി : തങ്ങൾ ഇതിനകം നിരസിച്ച പുതിയ കാർഷിക നിയമങ്ങളെ പറ്റി ' അർത്ഥമില്ലാത്ത ' ഭേദഗതികൾ ആവർത്തിക്കരുതെന്നും, ചർച്ചകൾക്കായി രേഖാമൂലം വ്യക്തമായ നിർദ്ദേശം മുന്നോട്ട് വയ്ക്കണമെന്നും സർക്കാരിനോടാവശ്യപ്പെട്ട് കർഷക സംഘടനകൾ. സർക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തമായതും ഉദ്ദേശ്യശുദ്ധിയോടു കൂടിയതുമായ നിലപാടുണ്ടായാൽ ചർച്ചയ്ക്ക് തങ്ങൾ തയാറാണെന്നും മാദ്ധ്യമപ്രവർത്തകരോട് കർഷകർ പറഞ്ഞു.

കർഷക നിയമങ്ങളിൽ ഭേദഗതി വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അവ പൂർണമായും റദ്ദാക്കണമെന്നും കർഷക‌ർ ആവർത്തിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ കേന്ദ്ര നിർദ്ദേശത്തിൽ താങ്ങുവിലയെ കുറിച്ചോ വൈദ്യുതി വിലനിർണ്ണയത്തെക്കുറിച്ചോ പ്രത്യേക വിശദാംശങ്ങളില്ല. അത് ശൂന്യവും പരിഹാസ്യവുമായിരുന്നു. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഇരു ഭാഗത്ത് നിന്നുമുള്ള ചർച്ചയ്ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അത് അനുയോജ്യമാണെന്നും കർഷക നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്ന കർഷകരെ തളർത്താനും അവരുടെ മനോവീര്യം കുറയ്ക്കാനും സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കാൻ കാലതാമസം വരുത്തുകയാണെന്ന് ചില കർഷക നേതാക്കൾ ആരോപിച്ചു. ' സര്‍ക്കാർ ഞങ്ങളോട് പ്രതിപക്ഷത്തെ പോലെയാണ് പെരുമാറുന്നത്. ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കാത്ത ചില കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി സർക്കാർ തുടര്‍ച്ചയായ ചര്‍ച്ചകൾ നടത്തുകയാണ്. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്.' സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.