
ഫറ്റോർദ : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ഗോവ ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി.33-ാം മിനിട്ടിൽ സ്റ്റീഫൻ എസെയിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ രണ്ടാം പകുതിയിൽ ഇരട്ടഗോളുമായി കളം നിറഞ്ഞ  ഇഗോർ അംഗൂളോയിലൂടെ ഗോവ മറികടക്കുകയായിരുന്നു
. 63-ാം മിനിട്ടിലും രണ്ടാം പകുതിയുടെ അധിക സമയത്ത് പെനാൽട്ടിയിലൂടെയുമായിരുന്നു അംഗൂളോ ജംഷഡ്പൂരിന്റെ വലകുലുക്കിയത്. 
തുടക്കത്തിൽ ജംഷഡ്പൂരാണ് ആധിപത്യം പുലർത്തിയത്. തുടർന്ന് ഗോവയും താളംകണ്ടെത്തി. മുപ്പത്തിമ്മൂന്നാം മിനിട്ടിൽ എയ്റ്റർ മോൺറോയ് എടുത്ത ഫ്രീകിക്ക് ബാക്ക് ഹീൽ ഷോട്ടിലൂടെ വലയ്ക്കകത്താക്കി എസെ ജംഷഡ്പൂരിന് ലീഡ് സമ്മാനിക്കുകയായിരുന്നു. തിരിച്ചടിക്കുള്ള ഗോവൻ ശ്രമങ്ങളെ ഒന്നാം പകുതിയിൽ മനോഹരമായി ജംഷഡ്പൂർ തടഞ്ഞു. രണ്ടാം പകുതിയിൽ ഗോവ ആക്രമണം കടുപ്പിച്ചതോട് ജംഷഡ്പൂർ പ്രതിരോധ നിര സമ്മർദ്ദത്തിലായി.
63-ാം മിനിട്ടിൽ ജയിംസ് ഡോണാക്കിയയെ അലക്സാണ്ടർ ലിമ വീഴ്ത്തിയതിന് റഫറി ഗോവയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അവരുടെ പ്ലേമേക്കർ അംഗൂളോ പിഴവേതുമില്ലാതെ പന്ത് വല്ക്കകത്താക്കി.  ഗോൾ വീണ അവേശത്തിൽ ഗോവ ആക്രമണം ടോപ് ഗിയറിലാക്കി. ഇതിനിടെ 87-ാം മിനിട്ടിൽ ലിമയുടെ ഷോട്ട് ബാറിലിടിച്ച് വലയ്ക്കുള്ളിൽ കടന്നെങ്കിലും റഫറി ഗോൾ അനുവദിക്കാതിരുന്നത് ജംഷഡ്പൂരിന് തിരിച്ചടിയായി.
കളിസമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ 95-ാം മിനിട്ടിൽ ബേഡിയ കോർണറിൽ നിന്ന് വന്ന പന്ത് അംഗൂളോയുടെ തലയുടെ പിന്നിൽക്കൊണ്ട് ഗോവയുടെ വിജയമുറുപ്പിച്ച ഗോളാവുകയായിരുന്നു.