gst

ന്യൂഡൽഹി: ചരക്കു - സേവന നികുതിയിൽ (ജി.എസ്.ടി) വ്യാജ ഇൻവോയിസ് ബില്ലുകൾ ഉപയോഗിച്ച് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പ് നടത്തുന്നതിന് തടയിടാൻ നിയഭഭേദഗതിയുമായി കേന്ദ്രസർക്കാർ. ഇനിമുതൽ 50 ലക്ഷം രൂപയ്ക്കുമേൽ പ്രതിമാസ വിറ്റുവരവുള്ളവർ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം.

ഇതിനായി സെൻട്രൽ ജി.എസ്.ടി ആക്‌ടിൽ, സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് (സി.ബി.ഐ.സി) 86ബി എന്ന പുതിയ ചട്ടം കൊണ്ടുവന്നു. ഇലക്‌ട്രോണിക് ക്രെഡിറ്റ് ലെഡ്ജറിൽ പറയുന്നതിന്റെ പരമാവധി 99 ശതമാനം തുകയേ ഇനി രജിസ്‌റ്റേഡ് വ്യക്തിക്കും സ്ഥാപനത്തിനും നിലവിലെ രീതിയിൽ അടയ്ക്കാനാകൂ. കുറഞ്ഞത് ഒരു ശതമാനം പണമായി തന്നെ അടയ്ക്കണം.

വിറ്റുവരവ് കണക്കാക്കുമ്പോൾ ജി.എസ്.ടിക്ക് പുറത്തുള്ള ഉത്പന്നങ്ങൾ ഉൾപ്പെടില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറോ ഏതെങ്കിലും പാർട്‌ണറോ തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം ഒരുലക്ഷം രൂപയ്ക്കുമേൽ ആദായനികുതി നൽകിയിട്ടുണ്ടെങ്കിലോ നികുതി റീഫണ്ടായി ഒരുലക്ഷം രൂപയിലധികം നേടിയിട്ടുണ്ടെങ്കിലോ പുതിയ ചട്ടം ബാധകമല്ല.

വഞ്ചനയിലൂടെ കോടിക്കണക്കിന് രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നേടുന്നവർക്ക്, ഇനി തട്ടിപ്പു നടത്തുക പ്രയാസമാണ്. കാരണം, ഇതിന്റെ ഒരു ശതമാനം അവർ പണമായി അടയ്ക്കേണ്ടതുണ്ട്; അതുതന്നെ കോടികൾ മതിക്കുകയും ചെയ്യും.