led

തിരുവനന്തപുരം : 65 രൂപ നിരക്കിൽ ഒരു കോടി എൽ ഇ ഡി ബൾബ് വിതരണത്തിനായി ഒരുങ്ങി കെ.എസ്.ഇ.ബി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. തിരുവനന്തപുരം വൈദ്യുതി ഭവനിൽ ചേർന്ന ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വൈകിട്ട് 6 മുതൽ 10 വരെയുള്ള പീക് ലോഡ് സമയത്തു ഇത് ഉപയോഗിച്ച് തുടങ്ങുമ്പോൾ നൂറു മെഗാവാട് വരെ ഉപയോഗത്തിൽ കുറവുവരുമെന്നും അത് മൂലം വൈദ്യുതി വാങ്ങൽ ചെലവ് കുറയുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ഉപയോഗം താഴ്ന്ന നിരക്കിലേക്ക് വരുമെന്നും ഇത്തരം ജോലികൾ ജീവനക്കാർ സാമൂഹ്യ പ്രതിബദ്ധതയോടെ ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചർത്തു. ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള, ഡയറക്ടർ ഡോ. വി. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.